കോഴിക്കോട്: അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ അസമത്വം പലപ്പോഴും അറിയാതെ പോകുന്നുണ്ടെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. എ.എം.എം.എയുടെ യോഗത്തില്‍ ലിംഗവിവേചനത്തെക്കുറിച്ച് ബോധവത്കരണക്ലാസ് നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു ലക്ഷ്മിയുടെ വിശദീകരണം.ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘സ്ത്രീകള്‍ക്കു സുരക്ഷ നല്‍കണം, സ്വാതന്ത്ര്യം കൊടുക്കണം എന്നൊക്കെ എ.എം.എം.എയിലെ പുരുഷന്മാര്‍ അംഗീകരിക്കുന്നുണ്ട്. സംഘടനയിലെ സ്ത്രീകളും ഇപ്പോള്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. ആവശ്യങ്ങള്‍ തുറന്നുപറയുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യകാലത്തു നായകന്മാര്‍ക്കു മാത്രമായിരുന്നു കാരവാനുകള്‍ നല്‍കിയിരുന്നത്. സ്ത്രീകള്‍ ലൊക്കേഷന് അടുത്തുള്ള വീടുകളില്‍പ്പോയി വസ്ത്രം മാറേണ്ട അവസ്ഥയായിരുന്നു. ഇപ്പോളതു മാറി. സ്ത്രീകള്‍ക്കും കാരവാന്‍ ലഭിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്. പക്ഷേ ഇതു മുമ്പേ നടപ്പാക്കണമായിരുന്നു. പുരുഷനും സ്ത്രീയും തുല്യരാണ്. ഇത്തരത്തില്‍ വിട്ടുകളയുന്ന ചെറിയ കാര്യങ്ങള്‍ പോലും വിവേചനമാണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതിനുള്ള വിദ്യാഭ്യാസം കൊടുക്കണമെന്നാണ് ഞാന്‍ പറയുന്നത്’ ലക്ഷ്മി പറഞ്ഞു.
തന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നതാണ് മലയാളികളില്‍ വെറുക്കുന്ന കാര്യമെന്നും അവര്‍ തുറന്നടിച്ചു. എപ്പോഴും സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആളുകള്‍ വ്യാകുലപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്രയായ ഒരു സ്ത്രീക്കു സമൂഹം വേണ്ടവിധത്തില്‍ പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം സംശയമാണെന്നും അവര്‍ പറഞ്ഞു.