എറണാകുളം: മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകൻ്റെ ജനനവും.
മാലിയിൽ നഴ്സാണ് സോണിയ. കൊ വിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവാണ് സോണിയക്കും രക്ഷയായത്. ഐ.എൻ.എസ് ജലാശ്വ കപ്പലിൽ 698 പേരെയാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. ഇതിൽ 19 പേർ ഗർഭിണികളായിരുന്നു.
തുറമുഖത്ത് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷമാണ് സോണിയക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കുഞ്ഞിന് അനക്കം കുറവാണെന്ന തോന്നലാണ് ആദ്യമുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കളമശ്ശേരിയിൽ കിൻഡർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വൈകീട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 36 ആഴ്ചയായിരുന്നു പ്രായം. അതിനാൽ എൻ.ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തു.
മുമ്പ് 6 തവണ അബോർഷൻ ആയിട്ടുള്ള സോണിയക്ക് ഇന്നലെ സന്തോഷത്തിൻ്റെ ദിവസമായിരുന്നു.മാതൃ നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൻ്റെയും മാതൃദിനത്തിൽ അമ്മയാകാൻ കഴിഞ്ഞതിൻ്റെയും. സോണിയയുടെ ഭർത്താവ് ഷിജോ കേരളത്തിൽ നഴ്സാണ്.