CrimeKeralaNews

മോൻസന്റെ തട്ടിപ്പുകൾ ആദ്യം തിരിച്ചറിഞ്ഞത് ഈ വനിത, പുരാവസ്തുക്കള്ളൻ കുടുങ്ങിയതിങ്ങനെ

കൊച്ചി:മോൻസന്റെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞതും ഇരയായവരെ ഒരുമിച്ചുകൂട്ടി നിയമനടപടികൾക്ക് മുന്നിട്ടിറങ്ങിയതും ആദ്യം സുഹൃത്തായിരുന്ന യുവതി. പ്രവാസി ഫെഡറേഷൻ രക്ഷാധികാരി എന്നനിലയിലാണ് മോൻസൺ ബന്ധങ്ങൾ വളർത്തിയെടുത്തത്. ഈ സൗഹൃദങ്ങൾ മുതലാക്കി എടുത്ത ചിത്രങ്ങളുപയോഗിച്ചാണ് മറ്റുള്ളവരെ തന്റെ ബിസിനസിലേക്ക് ആകർഷിക്കുന്നത്.

പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ കോ-ഓർഡിനേറ്ററായ കൊച്ചി സ്വദേശിനിയുമായി ഇത്തരത്തിലാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. ഉന്നതരാഷ്ട്രീയക്കാരോടും പോലീസ് ഉദ്യോഗസ്ഥരോടും അടുത്തബന്ധം പുലർത്തുന്ന ആളാണ് ഈ യുവതി. ലോക കേരള സഭ ഉൾപ്പെടെയുള്ള സർക്കാരിന്റെ പരിപാടികളിലും ഇവർ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രങ്ങളും അവരുമായി ബന്ധപ്പെട്ട വാർത്തകളും സാമൂഹിക മാധ്യമങ്ങൾ വഴി യുവതി പങ്കുവെച്ചിട്ടുണ്ട്.

മോൻസന്റെ തട്ടിപ്പ് ഇവർ മനസ്സിലാക്കിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അപകടംമണത്ത യുവതി ഇയാൾക്കെതിരേ തിരിഞ്ഞു. മോൺസന്റെ തട്ടിപ്പിനെപ്പറ്റി സുഹൃത്തുക്കൾക്ക് ഇവർ മുന്നറിയിപ്പുനൽകി. ദിവസങ്ങൾക്കുള്ളിൽ മോൺസൺ അറസ്റ്റിലാകുമെന്ന വിവരവും ഇവർ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

വിദേശത്തുനിന്ന് വരാനുള്ള പണം ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ചാണ് മോൻസൺ മാവുങ്കൽ പണം തട്ടിയിരുന്നത്. സ്വന്തമായി പാസ്പോർട്ട് പോലും ഇല്ലാത്ത മോൻസൺ വിദേശത്ത് പോയി എന്ന് ആളുകളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.

ഇടുക്കി രാജകുമാരിയിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തമിഴ്നാട് അതിർത്തിയിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയാണ് ആദ്യം നടത്തിയത്. പിന്നീട് നിരവധി പേരെ സാമ്പത്തിക തട്ടിപ്പിനിരയാക്കി. രാജാക്കാട് മെഡിക്കൽ സ്റ്റോർ നടത്തുന്നയാളടക്കം തട്ടിപ്പിനിരയായി.

പിന്നീട് സ്വന്തം നാടായ ചേർത്തലയിലേക്ക് പ്രവർത്തനം മാറ്റി. ചേർത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ ആളെ പറ്റിച്ച് ഇവിടെ നിന്ന് കടന്നു. കൊച്ചിയിലെത്തിയതോടെയാണ് ഫെമയുടെ പേരു പറഞ്ഞുള്ള തട്ടിപ്പു തുടങ്ങുന്നത്.

2014-ൽ കലൂരിലെ വീട്ടിലേക്ക് താമസം മാറി. പിന്നാലെയാണ് പുരാവസ്തു വില്പനക്കാരനായി രംഗപ്രവേശം ചെയ്യുന്നത്. പുരാവസ്തുക്കളുടെയും വജ്രത്തിന്റെയും വ്യാപാരമാണെന്ന് ആളുകളോട് പറഞ്ഞ് ഫലിപ്പിക്കും. പിന്നാലെ കോടിക്കണക്കിന് പണം പുരാവസ്തു വിറ്റ വകയിൽ വരാനുണ്ടെന്നും ഇത് ഫെമ തടഞ്ഞിരിക്കുകയാണെന്നും അറിയിക്കും. വ്യാജ അക്കൗണ്ട് രേഖകളും കാണിക്കും. തടഞ്ഞുവെച്ചിരിക്കുന്ന പണം തിരികെ കിട്ടാൻ സാമ്പത്തികമായി സഹായിച്ചാൽ ഇഷ്ടമുള്ള അത്രയും പണം തിരികെ നൽകുമെന്ന് അറിയിക്കുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പിൽ വീഴും.

ഫെമയിലെ ഉദ്യോഗസ്ഥർ തന്നെ കാണാൻ വന്നതെന്നു കാണിക്കാൻ ഹരിയാണ രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രവും മോൻസൺ ഉപയോഗിച്ചിരുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ഇത്തരത്തിൽ പരാതിക്കാർക്കു നൽകിയിരുന്നത്.

മോൻസൺ മാവുങ്കൽ പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തേക്കും. കേസിൽ കള്ളപ്പണ ഇടപാട് സാധ്യത പരിഗണിച്ചാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്. നിലവിൽ 10 കോടി രൂപ നഷ്ടമായി എന്നാണ് പരാതി. പ്രതി കോടികളുടെ ഇടപാട് നടത്തിയതായും വിവരമുണ്ട്. കണക്കിൽപ്പെടാത്ത പണമാണ് മോൻസണ് പലരും കൈമാറിയത്. അഞ്ച് കോടി രൂപയ്ക്കു മുകളിലുള്ള സാമ്പത്തിക ഇടപാടാണെങ്കിൽ ഇ.ഡി.ക്ക് കേസെടുക്കാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker