മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയിലേയ്ക്ക് സജീവമായി എത്തിയത്. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയതിനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.
അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിന് ശേഷം ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതും സിനിമകള്‍ പരാജയപ്പെട്ടതുമാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ തന്നെ സമീപിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന്. പിന്നീട് എന്റെ ഭാര്യയാണ് ഞാന്‍ സിനിമയിലേക്ക് വരേണ്ടയാളാണെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചു വരുമ്പോള്‍ ഒരു താരം എന്ന എന്നതിലുപരി ഒരു നടന്‍ എന്ന നിലയില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും ഞാന്‍ തയ്യാറായിരുന്നു. ആദ്യം എന്റെ മുടിയിലോ മീശയിലൊ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ രൂപഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ തയ്യാറായാണ് തിരിച്ചുവന്നത്.
തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്. സിനിമയില്‍ പലരുടെയും കൂടെ നില്‍ക്കുമ്പോള്‍ ഒരു ക്ലോസപ്പ് വെയ്ക്കാന്‍ ചിലര്‍ മടിച്ചിട്ടുണ്ട്. വേറൊരാളിലേക്ക് ക്യാമറ തിരിച്ചുവെച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ആ സമയത്ത് മറ്റ് വഴികള്‍ ഇല്ലായിരുന്നു. അവര്‍ ഇപ്പോള്‍ സമീപിക്കാറുണ്ട്.
സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു. ഒരു നല്ല നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് താല്‍പ്പര്യം. ഏറ്റവും മോശം പടത്തിന് പോലും നല്ല കളക്ഷന്‍ കിട്ടുക എന്നു പറഞ്ഞാല്‍ അവിടെയാണ് താരപരിവേഷം.
അതല്ലാതെ നല്ല സിനിമയുടെ ഭാഗമായി ആ ഒരു കളക്ഷനും അഭിനന്ദനങ്ങളും കിട്ടുക എന്ന താരപരിവേഷമാണ് എനിക്ക് താല്‍പ്പര്യം. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് താല്‍പ്പര്യമില്ല. എനിക്ക് കിട്ടുന്നതിനോട് ഞാന്‍ സന്തോഷവാനാണ്. ചിലപ്പോള്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുക എന്നതാണ്.
താരപരിവേഷത്തിന്റെ കൊടുമുടിയില്‍ എത്തിയിട്ടുള്ള ആളാണ് ഞാന്‍. അത് ആസ്വദിച്ചിട്ടുമുണ്ട്. അതിനെക്കാള്‍ ഉപരി ഒരു നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് ഇപ്പോള്‍ എന്റെ കിക്ക്. അതിനു വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും.അഷറഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെ പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. ചെമ്പന്‍ വിനോദ് ജോസും ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം.