മലപ്പുറം: തലയിരിക്കുമ്പോള്‍ വാലാടേണ്ട എന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ഇടത് എംഎല്‍എ കെ.ടി.ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്നും പണ്ഡിതന്മാരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ജലീല്‍ പറഞ്ഞു.
ജിഫ്രി മുത്തുക്കോയ തങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.എ.സലാം പരോക്ഷമായി വിമര്‍ശിച്ചതില്‍ ഒരു വിഭാഗം സമസ്ത യുവജനസംഘടനാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞത്.
സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവരാരും ഒരു പ്രതിഷേധവും അറിയിച്ചിട്ടില്ല. അതുകൊണ്ട്, ‘തലയിരിക്കുമ്പോള്‍ വാലാടേണ്ട കാര്യമില്ലെ’ന്ന് സമസ്തയുടെ യുവജനസംഘടനകളുടെ പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞു.
‘കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ്. ജന്‍മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്’ കെ.ടി.ജലീല്‍ എംഎല്‍എ ഇതിനോട് പ്രതികരിച്ചു.
പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ‘മെക്കട്ട്’ കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ ‘കുടിയാനായി’ കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ ”ആഢ്യത്വം” കയ്യില്‍ വെച്ചാല്‍ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണമെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.