വാഗമൺ:ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ പരാതി. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്കു കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി കൈമാറി. ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. ജീവൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകർ. നടൻ ബിനു പപ്പനും ജോജുവിനൊപ്പമുണ്ടായിരുന്നു.
റൈഡ് നടത്തിയ ഭൂമിയിൽ നിയമ വിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചു എന്നും ഈ ഭൂമി കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധ ഉണ്ടെന്നും ടോണി തോമസ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വേണ്ട സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിൽ ആയിരുന്നു റൈഡ് നടത്തിയത്. ഏറെ അപകടകരമായ രീതിയിൽ ആയിരുന്നു ഈ റൈഡെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
യാത്രകളും ഡ്രൈവിംഗും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നടൻ ജോജു ജോര്‍ജ്. തനിക്ക് ഇഷ്ടമുളള വാഹനത്തെക്കുറിച്ച് അദ്ദേഹം പല വേദികളിലും വിവരം പങ്കിട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദുവസം ഇടുക്കി വാഗമണ്ണിൽ അദ്ദേഹത്തിന്റെ ജീപ്പ് റാംഗ്ലറുമായി നടത്തിയ റൈഡ് ആയിരുന്നു പിന്നീട് വൈറൽ ആയത്. ഓഫ് റോഡ് ട്രാക്കിലൂടെയും ഡ്രൈവ് ചെയ്തതായിരുന്നു താരം ശ്രദ്ധ നേടിയത്. ഇതിന്റെ ചെറിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാകുകയാണ്.
ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഈ സംഭവത്തിന്. വളരെ ആവേശത്തോടെ ആണ് നടൻ വാഹനം ഓട്ടിക്കുന്നത്. കയറ്റങ്ങളും ഇറക്കളും ഉളള തേയിലത്തോട്ടമായിരുന്നു ഇത്.അതേസമയം, തന്റെ ഡ്രൈവിന് ശേഷം അദ്ദേഹം പ്രതികരിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നു. വന്‍ മൂഡ്, പൊളി, ചെതറിക്കല്.. എന്ന രീതിയിലെ ചുരുങ്ങിയ വാക്കുകൾ ആയിരുന്നു ജോജു തന്റെ ഡ്രൈവിംഗ് ആവേശത്തിൽ വെളിപ്പെടുത്തുന്നത്.