തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്നു നൽകിത്തുടങ്ങുമെന്നു മാനേജ്മെന്റ് അറിയിച്ചു. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ശമ്പളമാകും ഇന്നു നൽകുക. ധനവകുപ്പ് നൽകിയ 30 കോടി രൂപയ്ക്കു പുറമേ ഓവർഡ്രാഫ്റ്റായും 45 കോടിയെടുത്തിട്ടുണ്ട്. ശമ്പളം നൽകാൻ 82 കോടി രൂപയാണു വേണ്ടത്.
വിഷുവും ഈസ്റ്ററും ശമ്പളമില്ലാതെയാണു കെഎസ്ആർടിസി ജീവനക്കാർ ആഘോഷിച്ചത്. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം നൽകിയിരിക്കണമെന്ന നിർദേശം ലംഘിച്ചതിൽ പ്രതിഷേധിച്ച് സിഐടിയു, ടിഡിഎഫ്, ബിഎംഎസ് സംഘടനകൾ സമരത്തിലാണ്. 28നു ട്രേഡ് യൂണിയനുകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതിനിടെ സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് പുതിയ സംരംഭമായ കെ സ്വിഫ്റ്റെന്ന് കെ എസ് ആർ ടി സി. കെ സ്വിഫ്റ്റ് അവതരിപ്പിച്ചതിന്റെ ഫലം കണ്ടു തുടങ്ങിയെന്നും സ്വകാര്യ ടൂർ ഒാപറേറ്റർമാർ യാത്രാക്കുലി കുറക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ആർ ടി സി അവകാശപ്പെട്ടു.
ഏപ്രിൽ 11 നാണ് കെ സ്വിഫ്റ്റ് എന്ന പേരിൽ പുതിയ ബസ് സർവീസ് കെ എസ് ആർ ടി സി ആരംഭിച്ചത്. സ്വകാര്യ ബസുകളിലെയും കെ സ്വിഫ്റ്റ് സർവീസുകളിലെയും ദീർഘ ദൂര യാത്രാക്കൂലി താരതമ്യം ചെയ്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിന് ശേഷം സ്വകാര്യ ടൂർ ഒാപറേറ്റർമാർ വൻതോതിൽ യാത്രാക്കൂലി കുറക്കാൻ തയാറായെന്നാണ് കെ എസ് ആർ ടി സി അവകാശപ്പെടുന്നത്.
അന്തർ സംസ്ഥാന റൂട്ടുകളിൽ അവധി ദിനം പോലെ തിരക്കുള്ള സമയത്ത് കൂടിയ നിരക്കും തിരക്ക് കുറഞ്ഞ മറ്റു ദിവസങ്ങളിൽ മറ്റൊരു നിരക്കുമാണ് സ്വകാര്യ ടൂർ ഒാപറേറ്റർമാർ ഈടാക്കുന്നത്. എന്നാൽ, കെ സ്വിഫ്റ്റിൽ എപ്പോഴും ഒരു നിരക്കായിരിക്കും. കെ സ്വിഫ്റ്റ് സർവീസ് നടത്തുന്നതോടെ സ്വകാര്യ ബസ് ഒാപറേറ്റർമാരും അതേ രൂപത്തിൽ നിരക്ക് കുറക്കേണ്ടി വരുമെന്ന് കെ എസ് ആർ ടി സി പറയുന്നു.