കോട്ടയം: പൂഞ്ഞാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടിലൂടെ മറുകര എത്തിക്കാന്‍ ശ്രമിച്ചു വിവാദത്തിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ എന്ന ജയനാശാന്‍ കെഎസ്ആര്‍ടിസിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്ത്. പൂഞ്ഞാര്‍ ഫൊറോന പള്ളിയുടെ മുന്‍വശത്ത് വന്‍ വെള്ളക്കെട്ടിലൂടെ വണ്ടി മറുകരയെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വണ്ടിനിന്നു പോവുകയും യാത്രയ്ക്കാരെ പിന്നീട് നാട്ടുകാര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. വണ്ടിയുടെ പകുതിയിലേറെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു ജയദീപിനെ കെഎസ്ആര്‍ടിസി എംഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തൊട്ടുപിന്നാലെ ജയദീപിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയതായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും അറിയിച്ചു. യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു ഡ്രൈവര്‍ ജയദീപിന്റെ വാദം. എന്നാല്‍, ഇത് അംഗീകരിക്കാതെയാണ് സസ്‌പെന്‍ഷന്‍ വന്നത്. യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലും വണ്ടിക്കു തകരാര്‍ വരുന്ന വിധത്തിലും ഓടിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു സസ്‌പെന്‍ഷന്‍.
എന്നാല്‍, കടുത്ത പരിഹാസത്തോടെയാണ് സസ്‌പെന്‍ഷനെ ജയനാശാന്‍ നേരിട്ടത്. അന്നു വൈകിട്ടു തന്നെ കെഎസ്ആര്‍ടിസി അധികൃതരെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എപ്പോഴും അവധി ചോദിച്ചു നടക്കുന്ന തന്നെ സസ്‌പെന്‍ഡ് ചെയ്യാതെ വല്ല പാവങ്ങളെയും പോയി സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു പരിഹാസം. കെഎസ്ആര്‍ടിസിയിലെ കൊണാണ്ടര്‍മാര്‍ എന്നു തുടങ്ങിയ അധിക്ഷേപങ്ങളും പോസ്റ്റില്‍ ഉണ്ടായിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമായി മാറി.
എന്നാല്‍, ഇതുകൊണ്ടൊന്നും കുലുക്കമില്ലെന്ന മട്ടിലാണ് വീണ്ടും ജയനാശാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. തന്നോടു യാതൊരു വിശദീകരണം ചോദിക്കാതെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും താന്‍ യാത്രക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ആശാന്റെ വാദം. വണ്ടിക്കു യാതൊരു കുഴപ്പമില്ലെന്നു ടെക്‌നീഷ്യന്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനു ശേഷവും തന്നെ സസ്‌പെന്‍ഡ് ചെയ്ത പ്രകോപനത്തിലാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മാത്രമല്ല, ഇന്‍ഷ്വറന്‍സോ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ ടാക്‌സോ ഒന്നുമില്ലാത്ത ബസ് ഓടിക്കാന്‍ തന്റെ തലയില്‍ കെട്ടിവച്ചു തന്ന കെഎസ്ആര്‍ടിസിയാണ് വലിയ കുറ്റം ചെയ്തിരിക്കുന്നത്. എന്നിട്ട് ഇല്ലാത്ത കുറ്റം ചുമത്തി തന്നെ സസ്‌പെന്‍ഡ് ചെയ്തു. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഓടിക്കുന്നതു കുറ്റകൃത്യമായ നാട്ടിലാണ് അതൊന്നുമില്ലാത്ത ബസ് ഓടിക്കാന്‍ തന്നുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. തന്റെ ബസിനെ താന്‍ എത്ര സ്‌നേഹിച്ചിരുന്നു എന്നറിയണേല്‍ തന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.