തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ കർശന നടപടിക്ക് നീക്കം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും. ജയദീപിന് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിന് ജയദീപിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയാണ് സസ്പെൻന്റ് ചെയ്യിച്ചത്. പിന്നാലെ രൂക്ഷപ്രതികരണവുമായി സോഷ്യൽ മീഡിയയിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ നടപടിയെടുത്തവരെ കൊണ്ടാണ്ടർമാർ എന്ന് വിശേഷിപ്പിച്ച ജയദീപ് അവധി ചോദിച്ചിട്ടും ലഭിക്കാതിരുന്ന തനിക്ക് സസ്പെൻഷൻ അനുഗ്രമാണെന്നും പറഞ്ഞിരുന്നു.
ഐ.എൻ.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപിനെതിരെ നേരത്തെ വീട്ടിൽ കയറി ഒരാളെ വെടിവെച്ചതിനും കേസുണ്ടായിരുന്നു.ഈരാറ്റുപേട്ട-പൂഞ്ഞാർ റൂട്ടിൽ പൂഞ്ഞാർ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ.എസ്.ആർ.ടി.സി. ബസ് അകപ്പെട്ടത്.