തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചു. പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഇതോടെ കൺസഷൻ കിട്ടാതെയാകും.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ സി.എം.ഡിയുടെ ഉത്തരവിൽ പറയുന്നു. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണ്. അത് തുടരും.
എന്നാൽ കെ എസ് ആർ ടി സിയിൽ നിലവിൽ വരുന്ന ആനുകൂല്യം തങ്ങൾക്കും വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം തുടങ്ങുമെന്നും അവർ പ്രതികരിച്ചു.
സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും സ്പെഷ്യൽ സ്കൂളുകളിലും സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർത്ഥികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന കേന്ദ്രങ്ങളിലും പഠിക്കുന്നവർക്കും നിലവിലെ രീതിയിൽ കൺസഷൻ തുടരും.
സർക്കാർ- അർദ്ധ സർക്കാർ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ ഇൻകംടാക്സ്, ഐ.ടി.സി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകും.
സ്വാശ്രയ കോളേജുകളിലെയും സ്വാകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ കൺസഷൻ നൽകും.
സ്വാശ്രയ കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് 30% ആണ് കൺസഷൻ. ടിക്കറ്റ് നിരക്കിന്റെ 35% തുകവീതം വിദ്യാർത്ഥികളും മാനേജ്മെന്റും ഒടുക്കണം