വെള്ളപ്പെക്കം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നിയന്ത്രണം; വയനാട്,പാലക്കാട് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു
കോഴിക്കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ട്രെയിന്‍ ഗതാഗതത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കും നിയന്ത്രണം. കോഴിക്കോട് നിന്നും വയനാട്, പാലക്കാട് ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ ഇന്നും പാതി വഴിയില്‍ തടസപ്പെട്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ മുതല്‍ തന്നെ വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലിടത്തും പോലീസ് ബസുകള്‍ തടഞ്ഞിട്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. മലപ്പുറം വരെ മാത്രമാണ് സര്‍വീസ് നടത്താനാവുന്നൂള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍, തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.