ഇടുക്കി: ‘വരുമാന ചോര്‍ച്ചയുണ്ടാകുന്ന മേഖലകള്‍ കണ്ടെത്തി അത് കൃത്യമായി അടയ്ക്കും’. ഗതാഗത വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ ഇതൊന്നും പല ഉദ്യോഗസ്ഥരും അറിഞ്ഞ ലക്ഷണമില്ല. വിഷു ദിനത്തില്‍ 90 കിലോമീറ്റര്‍ ഓടിയ കെഎസ്ആര്‍ടിസി ബസിന് കിട്ടിയ വരുമാനം വെറും 18 രൂപയാണ്.
രാത്രി 10.45ന് ഇടുക്കിയിലെ മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയ്ക്കു സര്‍വീസ് നടത്തിയ ബസിലാണ് ഈ സംഭവം. രാവിലെ 10.30ന് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം 7ന് സാധാരണ മടങ്ങിയെത്തും. രാത്രി 8 ന് വീണ്ടും ഉടുമല്‍പേട്ടയിലേക്ക് സര്‍വീസ് നടത്തുന്നതാണ് പതിവ്.
എന്നാല്‍ വിഷു ദിനത്തില്‍ ചിന്നാറിലെ വനക്ഷേത്രത്തില്‍ ഉത്സവം നടന്നതു കാരണമുള്ള തിരക്കിനെ തുടര്‍ന്ന് രാത്രി 7മണിക്ക് വരേണ്ട ബസ് മൂന്ന് മണിക്കൂര്‍ വൈകി രാത്രി പത്ത് മണിക്കാണ് എത്തിയത്. ഇതോടെ 8 മണിക്ക് പുറപ്പെടേണ്ട സര്‍വീസ് സമയം വൈകിയത് കാരണംപോകാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് സര്‍വീസ് താമസിച്ചതെന്ന് ആരോപിച്ച് ഡ്യൂട്ടി മാസ്റ്ററും ഡിപ്പോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ചേര്‍ന്നു ഷെഡ്യൂള്‍ അല്ലാത്ത സമയത്ത് രാത്രി 10.45ന് ബസ് ഓടിക്കാന്‍ നിര്‍ദേശം നല്‍കി.
ഇത് പ്രായോഗികമല്ലെന്നും യാത്രക്കാരുണ്ടാകില്ലെന്നും ജീവനക്കാര്‍ അറിയിച്ചെങ്കിലും ചെവിക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ട്രിപ്പ് വൈകിയെങ്കിലും മുടങ്ങേണ്ടെന്ന നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അസമയത്ത് ബസ് സര്‍വീസ് നടത്തി നഷ്ടം ഉണ്ടാക്കിയതിനെതിരെ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ബസിലെ ജീവനക്കാര്‍.