കൊല്ലം: കൊല്ലം കടയ്ക്കല്‍ മടത്തറയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അന്‍പതിലധികം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഇരു ബസുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
അപകടത്തിനു പിന്നാലെ ബസില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് മടത്തറയിലെ അപകടവളവില്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി വേണാട് ബസില്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരില്‍ 41 പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ 15 പേര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അരിപ്പ സ്വദേശി 24-കാരിയായ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവര്‍ ഇപ്പോള്‍ ട്രാന്‍സിസ്റ്റ് ഐസിയുവിലാണ്.അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം തിരുവനന്തപുരം തെങ്കാശി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ബസപകടം: മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം: കടയ്ക്കലില്‍ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. കടയ്ക്കല്‍ ആശുപത്രിയില്‍ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിത്സയിലുള്ളത്. 42 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്ധ ചികിത്സ നല്‍കി എമര്‍ജന്‍സി ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കാന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ പറ്റിയറിയാന്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2528300