തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രചരണ പരിപാടി സംഘടിപ്പിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരം തുടങ്ങും. അതേ സമയം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ചെയര്‍മാന്‍ ബി അശോക്, കൂടുതല്‍ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹ സമരത്തിന്‍റെ ഫ്യൂസ് തത്ക്കാലത്തേക്ക് ഊരി. നേതാക്കളുടെ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ ചെയര്‍മാന്‍ ഉറച്ച് നില്‍ക്കുകയാണ്. മുന്നണിയും നേത്വത്വവും കൈവിട്ടതോടെയാണ് തത്ക്കാലം രണ്ട് ചുവട് പിന്നോട്ട് നീങ്ങാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമായത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും.
നാളെ മുതല്‍ മെയ് 2 വരെ ജനപ്രതിനിധികളെയടക്കം കണ്ട് വിശദീകരണ കുറിപ്പ് നല്‍കും. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍, ചട്ടപ്പടി സമരത്തിലേക്കും, നിരാഹാര സത്യഗ്രഹത്തിലേക്കും നീങ്ങും.
സര്‍വ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയര്‍മാന്‍റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തി ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്ന് വൈദ്യുതി ഭവന്‍ വളഞ്ഞിരുന്നു. നാളെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്. അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതും സമരം തത്കാലത്തേക്ക് അവസാനിപ്പിക്കാന്‍ കാരണമായി.
അതേ സമയം ഓഫീസേഴ്സ് അസോസിയേഷനെതിരെ കൂടുതല്‍ അച്ചടക്ക നടപിടക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്.
ഏപ്രില്‍ 5 ന് സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലന്‍സ് ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനം ഉടനുണ്ടാകും.
കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരുന്നു. ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ലെന്നും അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരം നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ വൈദ്യുതിഭവനില്‍ കടക്കുന്നത് പോലീസ് തടഞ്ഞു. തുടര്‍ന്ന് വൈദ്യുതി ഭവന് പുറത്ത് സമരം നടത്തി. ജോലിക്കെത്തിയവരെ അകത്തു പ്രവേശിക്കാന്‍ അനുവദിച്ചു.
സമരം ഘടകകക്ഷികള്‍ക്കും മന്ത്രിമാര്‍ക്കും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലം മാറ്റിയാല്‍ നിങ്ങള്‍ ഭരണം സ്തംഭിപ്പിക്കില്ലേയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.
അതിനിടെ വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തി. സമരത്തിന് ബോര്‍ഡ് മാനേജ്‌മെന്റ് അനുമതി നിഷേധിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അസോസിയേഷന്‍ നേതാക്കള്‍ ഈ മുന്നറിയിപ്പ് തള്ളി.