കോട്ടയം : റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു. നാഗമ്പടത്ത് ആവും പ്രവേശന കവാടം. നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോം ആണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉള്ളത്. നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 5ആകും. രണ്ട് വരി പാത ആറ് ആകുന്നതോടെ ഒരു വരി പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമായി അനുവദിക്കാനും തീരുമാനമായി.
നിലവില്‍ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍വേ ഗുഡ്ഷെഡ് മാറ്റി പുനഃസ്ഥാപിക്കും. രണ്ടാം പ്രവേശന കവാടം നാഗമ്പടത്ത് ആവും പ്രവര്‍ത്തിക്കുക. ഈ പ്രവേശന കവാടത്തില്‍ ലിഫ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തും. വയോധികരായ യാത്രക്കാരെ പ്രേത്യേകം പരിഗണിച്ചാണ് ഈ സംവിധാനം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി സ്ഥലം ഏറ്റെടുക്കലില്‍ കുടുങ്ങി നിന്നിരുന്ന റെയില്‍വേയുടെ വികസനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 2018 മെയ് മൂന്നിന് മുമ്പ് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 2020ഓടെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പൂണമായും സാധ്യമാക്കാമെന്ന് പ്രതീക്ഷയിലാണ് ജോലികള്‍ ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാക്കില്‍ ഭാഗത്തെ ഭൂവുടമയുമായി നിലനിന്നിരുന്ന തര്‍ക്കം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. ഇതിനായി നാളെ നാലുമണിക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും. 10 ഓവര്‍ബ്രിഡ്ജുകളാണ് ഇതിനോടനുബന്ധിച്ച് പണിതീരാനുള്ളത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാണം മുടങ്ങി നിന്നിരുന്ന പാക്കില്‍ ഓവര്‍ബ്രിഡ്ജ് ഭൂവുടമയുമായുള്ള അവലോകന യോഗത്തിന് ശേഷം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.
സിഗ്‌നല്‍ ലൈറ്റുകളുടെ വര്‍ക്കുകളും അതിവേഗം പുരോഗമിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിന്റെ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ട്.
നിലവില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചങ്ങനാശേരി മുതല്‍ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റര്‍ നിര്‍മാണജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാനുണ്ട്. തോമസ് ചാഴിക്കാടന്‍ എംപി സ്ഥലം സന്ദര്‍ശിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ചീഫ് എന്‍ജിനീയര്‍ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചാക്കോ ജോര്‍ജ്,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാരായ ബാബു സക്കറിയ,ജോസ് അഗസ്റ്റിന്‍, കൗണ്‍സിലര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, പി എൻ സരസമ്മാള്‍എബി കുന്നേപറമ്പന്‍, മീഡിയ കോർഡിനേറ്റർ വിജി എം തോമസ് തുടങ്ങിയവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എംപിയോടൊപ്പം എത്തിയിരുന്നു. 2021 ഡിസംബര്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് റെയില്‍വേ അവലോകന യോഗത്തിന് ശേഷം തോമസ് ചാഴിക്കാടന്‍ എംപി അറിയിച്ചു.
ജോസ് കെ മാണി എം.പിയായിരിക്കെആണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.