കോട്ടയം: തൊടുപുഴ ഭാഗത്തുനിന്നെത്തിയ ചുവന്ന കാർ ഈരാറ്റുപേട്ട റോഡിൽ വാഹനപരിശോധന നടത്തിവന്ന പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുപോയി. ഉടൻ ഔദ്യോഗിക ജീപ്പിലും സ്വകാര്യ കാറിലുമായി പോലീസ് സംഘം പിന്നാലെ. വാഹനങ്ങൾ തമ്മിൽ ഇടിച്ചും ഇടിപ്പിച്ചും ഈരാറ്റുപേട്ട-പാലാ റോഡിൽ കള്ളനും പോലീസും തമ്മിലുള്ള ചേസിങ്.
പനയ്ക്കപ്പാലത്തുനിന്ന് ചുവന്ന കാർ പ്ലാശനാൽ റോഡിലൂടെ തിരിഞ്ഞു, പിന്നാലെ പോലീസും. ഒടുവിൽ ഇടവഴിയിൽ കാർ കുടുക്കി നാട്ടുകാരുടെ സഹായത്തോടെ ഉള്ളിലുണ്ടായിരുന്നവരെ പോലീസ് കീഴ്‌പ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയിലായിരുന്നു സിനിമാ സ്റ്റൈലിൽ പോലീസ് ആക്ഷൻ. പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ മൂന്ന് പ്രതികളും.
പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാൽപറമ്പ് തൈമഠത്തിൽ ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി തെക്കേതിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് പിടിച്ചത്.
പിടിയിലായ ജിജോ ജോർജിന്റെ പേരിൽ തൊടുപുഴ, തൃശ്ശൂർ ഈസ്റ്റ്, പോത്താനിക്കാട്, കാളിയാർ, കാഞ്ഞാർ, വാഴക്കുളം, കുന്നത്തുനാട്, കൊരട്ടി, കോതമംഗലം, മൂവാറ്റുപുഴ, മുട്ടം, മേലുകാവ്, വൈക്കം എന്നീ പോലീസ് സ്റ്റേഷനുകളിലും ഷാനവാസ് യാക്കൂബിന്റെ പേരിൽ ഈരാറ്റുപേട്ട സ്റ്റേഷനിലും അഭിലാഷ് രാജുവിന്റെ പേരിൽ കിടങ്ങൂർ, പാലാ എന്നീ സ്റ്റേഷനുകളിലും പീരുമേട് എക്സൈസ് സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.