അത് രണ്ടും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കേസില്‍ നിന്ന് പിന്മാറിയേനെ; കൂടത്തായി കേസിലെ പരാതിക്കാരായ റോജോയും റെഞ്ചിയും പറയുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി മുന്നോട്ട് പോകുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നെന്നും കുടുംബത്തില്‍ പോലും തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും. മാതാപിതാക്കളായ ടോം ജോസിന്റേയും അന്നമ്മയുടേയും സഹോദരന്‍ റോയിയുടേയും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് ഇരുവരും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പിണറായി കൂട്ടക്കൊലക്കേസാണ് ഇത്തരമൊരു സംശയത്തിലേക്ക് ഞങ്ങളെ യഥാര്‍ത്ഥത്തില്‍ നയിച്ചത്. സൗമ്യ എന്ന യുവതി മാതാപിതാക്കളെയും മകളെയും വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തിയെങ്കിലും ഒടുവില്‍ അവര്‍ പിടിക്കപ്പെട്ടു. പിണറായി കേസ് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കി- റെഞ്ചി പറഞ്ഞു.
രണ്ട് കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങള്‍ കേസിന് പോകില്ലായിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിക്കാന്‍ ജോളി ശ്രമിച്ചില്ലായിരുന്നെങ്കില്‍ എന്നതാണ് ഒന്ന്. ഒസ്യത്ത് വ്യാജമല്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. രണ്ട്, ഞങ്ങളുടെ തന്നെ ബന്ധു ഷാജുവിനെ ജോളി വിവാഹം ചെയ്തില്ലായിരുന്നെങ്കില്‍. ഈ രണ്ട് സംഭവങ്ങളും ഉണ്ടായതോടെ മുന്നോട്ട് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു- റെഞ്ചി പറഞ്ഞു.
എന്‍.ഐ.ടി കാമ്പസ് സ്‌കൂളില്‍ ചെന്നാണ് ആദ്യം അന്വേഷിച്ചത്. പിന്നെ എന്‍.ഐ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ്, മെയിന്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പോയി. അന്വേഷണം അവസാനിച്ചതോടെ കാമ്പസിലെ ഒരു കേന്ദ്രത്തിലും ജോളി എന്ന പേരില്‍ ഒരു സ്റ്റാഫ് ഇല്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഇക്കാര്യം ഞാന്‍ ജോളിയോട് തന്നെ ചോദിച്ചു. എന്നാല്‍ ‘എന്നെ വിട്ടേക്ക് ‘ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഞാന്‍ അവരെ കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അവര്‍ തന്നെ ബന്ധുക്കളോടും അയല്‍ക്കാരോടും പറയാന്‍ തുടങ്ങി. പരാതി നല്‍കിയതു മുതല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഞങ്ങള്‍ക്കെതിരെ രംഗത്തെത്തി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. നിരവധി പേര്‍ എല്ലാ ദിവസവും ഞങ്ങളെ വിളിച്ച് പരാതി പിന്‍വലിക്കാന്‍ പറയുമായിരുന്നു.
എന്നാല്‍ ഞങ്ങള്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു. കല്ലറ തുറക്കുന്നതിനെ ബന്ധുക്കള്‍ എല്ലാം എതിര്‍ത്തു. ബന്ധുക്കള്‍ ചേര്‍ന്ന് ഒരു കമ്മിറ്റി പോലും രൂപീകരിച്ചു. ഇതോടെ ഞങ്ങള്‍ക്കും ആശങ്കയായി. ഞാന്‍ യു.എസിലേക്ക് വന്നതിനാല്‍ റെഞ്ചി മാത്രം എല്ലാ കാര്യങ്ങള്‍ക്കും ഓടിനടക്കേണ്ടി വന്നു. എല്ലാത്തിനും പിന്നില്‍ ജോളിയാണെന്ന് മറ്റാര്‍ക്കും അറിയാത്തതുകൊണ്ട് തന്നെ പല ഇടപെടലും ജോളിക്ക് നടത്താനായി. -റോജോ കൂട്ടിച്ചേര്‍ത്തു. സഹോദരന്‍ റോയിയുടേയും ജോളിയുടേയും മക്കളായ റെമോയേയും റൊണാള്‍ഡിനേയും തങ്ങള്‍ സംരക്ഷിക്കുമെന്നും തങ്ങള്‍ എവിടെയാണെങ്കിലും അവരും ഒപ്പമുണ്ടാകുമെന്നും ഇരുവരും പറഞ്ഞു.