കൂടത്തായി ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു; ആറു പേരും മരിച്ചത് വിഷം ഉള്ളില്‍ ചെന്ന്, മരുമകള്‍ കുറ്റസമ്മതം നടത്തി
കോഴിക്കോട്: കൂടത്തായിയില്‍ ഒരേ കുടുംബത്തിലെ ആറുപേരെ സമാനമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായി പോലീസ്. ആറു പേരുടേയും മരണം ശരീരത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്നായിരുന്നെന്നും എല്ലാവരുടേയും ശരീരത്തില്‍ നിന്നും ചെറിയ അളവില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കുറ്റസമ്മതം നടത്തിയ ജോളിയെ ഏതു സമയവും അറസ്റ്റ് ചെയ്തേക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ആറു പേരുടേയും മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞു. ചെറിയതോതില്‍ സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് കൃത്യം നടത്തിയതെന്ന് ജോളി സമ്മതിച്ചതായിട്ടാണ് വിവരം. മൃതദേഹം പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയതിന് പിന്നാലെയാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിക്കൊപ്പം കൃത്യത്തില്‍ ഒപ്പം നിന്ന സയനൈഡ് നല്‍കിയ ആളെക്കുറിച്ചും വ്യാജ വില്‍പ്പത്രം തയ്യാറാക്കാന്‍ സഹായിച്ച ആളിലേക്കും അന്വേഷണം നീങ്ങിയേക്കും. വീടും പരിസരങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ഫോറന്‍സിക് വിഭാഗത്തിലെ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം. എന്നിരുന്നാലും ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടായേക്കാമെന്നും പോലീസ് പറയുന്നു. വളരെ ശാന്തമായി വിഷം നല്‍കി കൊന്നു എന്നാണ് പോലീസ് പറയുന്നത്. കുറേശ്ശെ കുറേശ്ശെയായിട്ടാണ് വിഷം നല്‍കിയതെങ്കിലും. റോയി പെട്ടെന്ന് മരണമടഞ്ഞതാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. സംഭവത്തില്‍ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രനായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫോണ്‍സ എന്നിവരാണു മരിച്ചത്. 2002 ഓഗസ്റ്റ് 22-നാണ് അന്നമ്മ മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 2008 ഓഗസ്റ്റ് 26-നു ടോം തോമസ് മരിച്ചു. ഭക്ഷണത്തിനു ശേഷം ഛര്‍ദിച്ച് അവശനായായിരുന്നു മരണം. 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസും 2014-ല്‍ മാത്യുവും മരിച്ചു. പിന്നീടാണ് അല്‍ഫോണ്‍സയും തുടര്‍ന്ന് ആറു മാസത്തിനു ശേഷം സിലിയും മരിച്ചത്.
പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചതു ഹൃദയാഘാതം മൂലമാണെന്നാണു ബന്ധുക്കള്‍ കരുതിയത്. റോയിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്നു സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ആത്മഹത്യയെന്നു സംശയിച്ച് വിവരം ബന്ധുക്കള്‍ രഹസ്യമാക്കിവച്ചു. റോയിയുടെ ഭാര്യ പിന്നീട് മരിച്ച സിലിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ചിരുന്നു. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതി വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കല്ലറകള്‍ തുറന്നു ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിനു വേണ്ടി പോലീസിന്റെ കാത്തിരിപ്പ്. പത്തു മാസമുള്ള പെണ്‍കുഞ്ഞ് അടക്കമുള്ളവരാണു ഭക്ഷണത്തിനു ശേഷം സമാനലക്ഷണങ്ങളോടെ മരിച്ചത്.
മൊഴികളിലെ വൈരുദ്ധ്യമാണു യുവതിയിലേക്ക് അന്വേഷണമെത്താന്‍ കാരണം. മരണം നടന്ന ആറിടത്തും ഈ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. അവര്‍ നുണപരിശോധനയ്ക്കു വിസമ്മതിച്ചതോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.