കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷമസംഘത്തിന് മുന്നിൽ ഹാരജാകാൻ നടൻ സിദ്ദിഖ് കഴിഞ്ഞ ദിവസമാണ് സന്നദ്ധത അറിയിച്ച് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.നേരത്തെ, സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പോലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്.
താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവനടി ഉയർത്തിയത്. എന്നാൽ ഈ കേസിലെന്താണ് തെറ്റെന്ന് ചോദിച്ചിരിക്കുകയാണ് നടൻ കൊല്ലം തുളസി. ചിലപ്പോൾ ആ മുറിയിലേക്ക് ഉപദേശിക്കാൻ ആയിരിക്കാം വിളിപ്പിച്ചത്. അതല്ലെങ്കിൽ സിനിമയെ പറ്റി പറയാനുമാകും. എന്നിരുന്നാലും ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്റെ മുറിയിലേക്ക് ഉത്തരവാദിത്തമുള്ള അച്ഛനും അമ്മയും ആ പെൺകൊച്ചിനെ കയറ്റി വിടുമോ എന്നാണ് നടൻ ചോദിച്ചത്.
സിദ്ദിഖിന്റെ കാര്യത്തിൽ ഞാൻ മനസിലാക്കിയത് ഒരു കുട്ടിയെ വിളിച്ച് വരുത്തി, അവർക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഗുണദോഷങ്ങളെ പറ്റി പറയാനാകും വിളിച്ചത്. മുറിയിലേക്ക് വരാൻ പറഞ്ഞപ്പോൾ ഈ കുട്ടിയുടെ അച്ഛനും അമ്മയും മുറിയുടെ മുന്നിൽ നിന്നിട്ട് കുട്ടിയെ അകത്തേക്ക് ഒറ്റയ്ക്ക് വിട്ടു. ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ പ്രായപൂർത്തിയായ സുന്ദരിയായ പെണ്ണിനെ ഒറ്റയ്ക്ക് താമസിക്കുന്ന അന്യപുരുഷന്റെ മുറിയിലേക്ക് കടത്തി വിടുമ്പോൾ അവരുടെ മനസിൽ സാമാന്യമായ സംശയം ഉണ്ടാവേണ്ടേ…
സിനിമാലോകത്തെ പറ്റി മോശം അഭിപ്രായമുള്ളപ്പോൾ അതുപോലൊരു കുട്ടിയെ കയറ്റി വിടുന്നത് ശരിയാണോ? അവരുടെ ഉള്ളിൽ എന്തോ ഉദ്ദേശ്യം ഉണ്ടല്ലോ. കാര്യം നടന്നിരുന്നെങ്കിൽ കുഴപ്പമുണ്ടാവുമായിരുന്നില്ല. ചിലപ്പോൾ നടക്കാത്തത് കൊണ്ടുമാവാമെന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ.
എവിടെയാണ് സ്ത്രീപീഡനമില്ലാത്തതെന്നും സിനിമയിൽ മാത്രമെന്താണ് അത് പ്രശ്‌നമാകുന്നതെന്നും താരം ചോദിക്കുന്നു. ശരിക്കും അവരെന്താണ് ചെയ്തത്. ആരെയെങ്കിലും ബലാത്കാരമോ ബലാത്സംഗമോ ചെയ്തോ അവരൊരു ആഗ്രഹം പ്രകടിപ്പിച്ചു. പറ്റില്ലെന്ന് മറുപടിയും കിട്ടി. അവിടെ വച്ച് ചാപ്റ്റർ അവസാനിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു.