മൊഹാലി: കരിയറിലെ 100-ാം ടെസ്റ്റിൽ എലൈറ്റ് പട്ടികയില്‍ ഇടം നേടി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിലാണ് കോഹ്ലിയുടെ 100-ാം ടെസ്റ്റിന് വേദിയായത്. 100-ാം ടെസ്റ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ കോഹ്ലി ആറാമത്തെ ഇന്ത്യന്‍ താരമായി എലൈറ്റ് പട്ടികയില്‍ ഇടം നേടി. ശ്രീലങ്കയ്‌ക്കെതിരെ 38 റണ്‍സായപ്പോഴാണ് കോഹ്ലിയെ തേടി നേട്ടമെത്തിയത്.
എന്നാല്‍, അര്‍ധ സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ നിൽക്കെ കോഹ്ലി പുറത്തായി. ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോഹ്ലി (169), വിവിഎസ് ലക്ഷമണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍.
100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ തന്നെ ഇത്രയും റണ്‍സ് മറികടക്കുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് കോഹ്ലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും 100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 304 എന്ന നിലയിലാണ് ഇന്ത്യ. 79 റൺസുമായി റിഷഭ് പന്തും, 27 റൺസുമായി ജഡേജയുമാണ് ക്രീസിൽ.