മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുമായി ചരിത്രമെഴുതിയ അജാസ് പട്ടേലിന് ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ്.
ഇതിനിടെ തങ്ങൾക്കെതിരേ തങ്ങളുടെ നാട്ടിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസിനെ ന്യൂസീലൻഡ് ഡഗ്ഔട്ടിലെത്തി അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്റെയും പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.
രണ്ടാം ദിവസത്തെ മത്സരം അവസാനിച്ച ഉടൻ കോലിയും ദ്രാവിഡും അജാസിന്റെ അടുത്തെത്തി താരത്തെ അഭിനന്ദിക്കുകയായിരുന്നു. ഇവർക്കൊപ്പം മുഹമ്മദ് സിറാജും അജാസിനെ അഭിനന്ദിക്കാനെത്തിയിരുന്നു.
— Addicric (@addicric) December 4, 2021
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്തുവിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടമാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് സ്വന്തമാക്കിയത്. 1956-ൽ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും 1999-ൽ ഇന്ത്യയുടെ അനിൽ കുംബ്ലെയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച താരങ്ങൾ. 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തമാക്കിയത്.
മുംബൈയിൽ ജനിച്ചുവളർന്ന അജാസ് കുടുംബത്തോടൊപ്പം ന്യൂസീലൻഡിലേക്ക് ചേക്കേറിയതാണ്. ഒരു തരത്തിൽ മുംബൈ വാംഖഡേ സ്റ്റേഡിയം അജാസിന് ഹോം ഗ്രൗണ്ട് പോലെയാണ്. അജാസിന്റെ കുത്തിത്തിരിഞ്ഞ പന്തുകൾ പ്രതിരോധിക്കാൻ ഇന്ത്യ വിയർത്തു. 33 കാരനായ അജാസ് ഇന്ത്യയ്ക്കെതിരായ പരമ്പരയിലൂടെയാണ് ആദ്യമായി ഇന്ത്യൻ മണ്ണിൽ പന്തെറിഞ്ഞത്.
— Addicric (@addicric) December 4, 2021