തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കമ്മിറ്റിയിലാണ് പിണറായി വിജയൻ കോടിയേരിയെ പ്രശംസിച്ചത്. കോടിയേരി മികച്ച സഖാവാണ്. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കര തിരഞ്ഞെടുപ്പിൽ അദ്ദേഹം സജീവമായി. അദ്ദേഹത്തിന്റെ ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്നും പിണറായി പറഞ്ഞു.
അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് എം വി ഗോവിന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയാക്കി പാർട്ടി തീരുമാനിച്ചിരുന്നു. സി പി എം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. .’സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി ഇന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.’- എന്നാണ് പാർട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം കോടിയേരി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകൾക്കൊടുവിലാണ് സംസ്ഥാനത്ത് പാർട്ടിയുടെ തലപ്പത്തേക്ക് എം വി ഗോവിന്ദനെ തിരഞ്ഞെടുത്തത്.
രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോടിയേരി. തുടർന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിരുന്നു പിന്നീട് ചർച്ച. പിബി അംഗം എ.വിജയരാഘവൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരിൽക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും.
സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതല ഏൽപ്പിച്ചത് പാർട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിയുമോ, മന്ത്രിസഭയിലെ പകരക്കാരൻ ആര് എന്നുള്ള ചോദ്യങ്ങൾക്ക് പാർട്ടി തീരുമാനിക്കും എന്നായിരുന്നു പ്രതികരണം. സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ശേഷം, കോടിയേരി ബാലകൃഷ്ണനെ എം.വി.ഗോവിന്ദൻ സന്ദർശിച്ചു.
നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിരുന്നു