തിരുവനന്തപുരം: ഒരാളെയും കെ റെയില്‍ ( K Rail) പദ്ധതിയുടെ പേരില്‍ കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ഗ്രാമങ്ങളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കുമെന്ന് കോടിയേരി അവകാശപ്പെട്ടു. നാലിരട്ടി നഷ്ടപരിഹാരം എല്ലായിടത്തും ലഭ്യമാകില്ലെന്ന് കെ റെയില്‍ എംഡി പറഞ്ഞിരുന്നു. കെ റെയില്‍ എതിര്‍പ്പിന് പിന്നില്‍ കോര്‍പ്പറേറ്റുകളാണെന്നാണ് സിപിഎം നേതാവിന്റെ ആരോപണം.
കെ റെയില്‍ ഡിപിആര്‍ ഇപ്പോള്‍ പുറത്തു വന്നുവെന്ന് പറഞ്ഞ കോടിയേരി പരിസ്ഥിതി സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് പറയുന്നു. പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തുന്നത് കോര്‍പ്പറേറ്റുകളാണെന്നാണ് കോടിയേരിയുടെ വിമര്‍ശനം. നിലവിലെ എതിര്‍പ്പ് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണെന്നും കോടിയേരി അവകാശപ്പെട്ടു. കെ റെയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈയ്യടക്കാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം.
അതീവരഹസ്യരേഖയാണന്നും ടെണ്ടറിന് മുമ്പെ പുറത്തുവിടാനാകില്ലെന്നും വാദിച്ചിരുന്ന കെ റെയിലിന്റെ ഡിപിആര്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്. വിശദ പദ്ധതി രേഖ അനുസരിച്ച് 2025-26 ല്‍ കമ്മീഷന്‍ ചെയ്യുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1383 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന പറയുന്ന പദ്ധതി രേഖ നിര്‍മ്മാണഘട്ടത്തില്‍ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പാരിസ്ഥിതിക പഠനം അടക്കം ചേര്‍ത്ത് ആറുവാള്യങ്ങളിലായാണ് വിശദമായ പദ്ധതി രേഖ. ആറു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. റെയില്‍-റോഡ് വ്യോമഗതാഗത പാതകളുമായി ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും ആകെ ഏറ്റെടുക്കേണ്ടത് 1383 ഹെക്ടര്‍ ഭൂമി. ഇതില്‍ 1198 ഹെക്ടര്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി. 185 ഹെക്ടര്‍ റെയില്‍വെ ഭൂമി. സംസ്ഥാന സര്‍ക്കാരിന്റയും റെയില്‍വെയുടെയും സംയുക്തസംരഭമായാണ് വിഭാവനം ചെയ്തത്. പ്രതിദിനം 79934 യാത്രക്കാരെ പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം 2276 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം ഘട്ടം ഘട്ടമായി ഇത് കൂടുമെന്നാണ് ഡിപിആര്‍.
കമ്മീഷന്‍ അടിച്ചു മാറ്റാനായി സിപിഎം ഉണ്ടാക്കിയ ഉടായിപ്പി പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പ് പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കാന്‍ ഇടയില്ലെന്നും റെയില്‍വേ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടല്ല ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ ഡിപിആര്‍ പുറത്തു വിടാതിരുന്നതും അദ്ദേഹം ആരോപിച്ചു.
കൃഷ്ണദാസിന്റെ വാക്കുകള്‍ –
എന്ത് സുരക്ഷാകാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ DPR മറച്ചു വച്ചത്? സുരക്ഷയല്ല, ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ DPR പുറത്തു വിടാതിരുന്നത്. ഇന്ത്യന്‍ സൈന്യവുമായി കെ.റെയില്‍ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്താണോ ജനങ്ങളുടെ ആശങ്ക അത് 100 ശതമാനം ശരിയെന്ന് ബോധ്യമായി. കേരളത്തിന്റെ സര്‍വ്വനാശ പദ്ധതി എന്ന് നിസ്സംശയം പറയാനാവും. പിണറായിയുടെ കെ.റെയില്‍ തനി ഉടായിപ്പ് പദ്ധതിയാണ്. സിപിഎം കമ്മീഷന്‍ കൈപ്പറ്റാന്‍ ഉണ്ടാക്കിയ പദ്ധതിയാണിത്. ഇന്ത്യന്‍ റെയില്‍വേ ഈ ഉടായിപ്പ് പദ്ധതിക്ക് അനുമതി നല്‍കാനിടയില്ല. കെ.റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാതെ സി പി എം സമ്മേളനം ചൈനയെ സ്തുതിക്കുകയാണ്. പൊതുവേദികളില്‍ ചൈനയെ സ്തുതിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. എസ്ആര്‍പിയുടെ ചൈനാ സ്തുതി പാര്‍ട്ടി നിലപാടാണോ എന്ന് പിണറായി വ്യക്തമാക്കണം.
സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വിമർശനങ്ങളെ സർക്കാർ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പദ്ധതി സംബന്ധിച്ച വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ, ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പാരിസ്ഥിതിക സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തി, ജനങ്ങൾക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാൻ, വമ്പിച്ച രീതിയിൽ മുന്നോട്ട് കുതിക്കാനുള്ള പ്രാപ്തി നേടാൻ ഈ പരിപാടി നമുക്ക് അത്യാവശ്യമുള്ള ഒന്നാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വിമർശനങ്ങളെ ഒരു രീതിയിലും സർക്കാർ തടയില്ല. വിമർശനങ്ങളെ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി, ഡി.പി.ആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട്, ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂ. ഡി.പി.ആറിനെ മുറുകേ പിടിച്ച് മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള മാറ്റങ്ങൾക്ക് വിധേയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാത്തതിനെതിരേ കോൺഗ്രസ് എം.എൽ.എ. അൻവർ സാദത്ത് അവകാശലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിൽ ഡി.പി.ആർ. പ്രസിദ്ധീകരിച്ചത്.