തിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന് ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ട വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ക്കാരിനെ അട്ടിമാറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ സിപിഎം നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം എല്ലാവരും മനസിലാക്കണം. ഈ വെല്ലുവിളി ഒരുവര്‍ഷംകൊണ്ട് നടപ്പാക്കാനുള്ളതായിരിക്കില്ല. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ടവെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കേന്ദ്രം ഡല്‍ഹിയും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുമാണ്.
ഇത്തരം കേന്ദ്രങ്ങള്‍ സിപിഎമ്മിനെതിരേ നടത്തുന്ന ഇടപെടല്‍ കേരളത്തില്‍ രാജ്ഭവന് ആസ്ഥാനമായി തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കരുത്. രാഷ്ട്രീയ എതിരാളികള്‍ പല രൂപത്തില്‍ ആക്രമിക്കാന്‍ ശ്രമിക്കും. ഈ നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് നേരിടണം’, കോടിയേരി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സ്റ്റേ ചെയ്തിരുന്നു. ചട്ടങ്ങള്‍ മറികടന്നായിരുന്നു ഈ നിയമനമെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി. ഇതിനുപിന്നാലെയാണ് രാജ്ഭവനെതിരേയുള്ള കോടിയേരിയുടെ വിമര്‍ശനം.