തിരുവനന്തപുരം: രണ്ടാം പിണറായി (Pinarayi Vijayan) സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ (CPM District Conference) ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതിരോധം തീര്‍ത്ത് കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. സർക്കാരിന് സാവകാശം നൽകണം. വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു തുടങ്ങി സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്നായിരുന്നു പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് പറഞ്ഞത്. ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ഗൗരവതരമായ വിമര്‍ശവും കോവളം ഏര്യ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തുന്ന വനിതാ സഖാക്കൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ പരാതി. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഐ ബി സതീഷ് എം എല്‍ എ, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ ജി മോഹനന്‍ സമ്മേളനം തുടങ്ങും മുമ്പേ കൊവിഡ് രോഗ ബാധിതനായിരുന്നെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കിയ വിശദീകരണം.
ശനിയാഴ്ച ഉച്ചയോടെയാണ് ഐ ബി സതീഷ് എം എല്‍ എയുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികള്‍ക്കൊപ്പം സതീഷും പങ്കെടുത്തത്. വേദിയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമ്മേളന പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ ഭരണം പോരെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രധാന വിമര്‍ശനം. തുടര്‍ ഭരണത്തില്‍ ആ മികവ് പ്രകടമായില്ലെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും അഭ്യന്തര, ആരോഗ്യ വകുപ്പുകളില്‍ വീഴ്ചയുണ്ടന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി . പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് സര്‍ക്കാരിന് എതിരായ വിമര്‍ശനമുണ്ടായത്. മറ്റൊരു ജില്ല സമ്മേളനത്തിലും ഉണ്ടാകാത്ത തരത്തിലുള്ള വിമര്‍ശനമാണ് സര്‍ക്കാരും പൊലീസും നേരിട്ടത്.
ചടുലവും ഊര്‍ജസ്വലവും ആയിരുന്നു ഒന്നാം പിണറായി സര്‍ക്കാറെങ്കില്‍ തുടര്‍ ഭരണത്തില്‍ ആ സജീവത നിലനിര്‍ത്താനാകുന്നില്ല. ഇതാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. പൊലീസ് ഉള്‍പ്പെടെ ഒന്നിലും സര്‍ക്കാറിന് നിയന്ത്രണമില്ല.മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ല.ദൈനംദിന ഭരണത്തില്‍ പാര്‍ട്ടി ഇടപെടേണ്ടന്ന് മുഖ്യന്ത്രി പറഞ്ഞതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. ഭരണം നടത്താന്‍ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവര്‍ നോക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നായിരുന്നു വര്‍ക്കലയില്‍ നിന്നുള്ള പ്രതിനിധിയുടെ വിമര്‍ശനം.
മന്ത്രിമാരുടെ ഓഫീസിനെ ബന്ധപ്പെടാനാകുന്നില്ല. സാധാരണക്കാരന്‍ വന്ന് കാണുമ്പോള്‍ സഹായം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. ആരുടെയും ക്വട്ടേഷന്‍ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസില്‍ പോകുന്നത്. എന്നാല്‍ ക്വട്ടേഷനുമായിവന്നിരിക്കുന്നു എന്ന ധാരണയാണ് മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥരുടേത് എന്നും വിമര്‍ശനമുണ്ടായി. സാധാരണ പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് ഈ സര്‍ക്കാര്‍ എന്ന് മറക്കരുതെന്നും ഒരു പ്രതിനിധി ഓര്‍മ്മിപ്പിച്ചു. ആശുപത്രികളില്‍ സേവനം മെച്ചപ്പെടണം , പ്രവര്‍ത്തനം നന്നാക്കണം തുടങ്ങിയവയായിരുന്നു ആരോഗ്യ വകുപ്പിനുള്ള നിര്‍ദേശം.
എങ്ങനെയും പണം ഉണ്ടാക്കണമെന്ന ചിന്ത ചില നേതാക്കളില്‍ ഉണ്ടന്നും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷനിലെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പിനെ തിരേയും മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തി.. പാവങ്ങളുടെ പണമാണ്. അത് തട്ടി എടുക്കുന്നത് പണമുണ്ടാക്കണമെന്നത് കൊണ്ടാണ്. പുതിയ സഖാക്കളിലും ഈ രീതി കാണുന്നു, ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്നും താക്കീതിന്റെ സ്വരത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.