KeralaNews

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കേരളത്തിനുള്ള ഓണസമ്മാനമെന്ന് മോദി

കൊച്ചി: കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ –കോട്ടയം – ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം – പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.

കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്തമാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. കൊച്ചിയുടെ വികസനത്തിനു ദിശ നൽകും. വിമാനത്താവളം പോലെ മെട്രോ സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും’’– മോദി പറഞ്ഞു.

‘‘കേരളത്തിലെ ഗതാഗത പദ്ധതികൾക്കു കേന്ദ്രം വലിയ പ്രാധാന്യമാണു നൽകുന്നത്. കേരളത്തിന്റെ റെയിൽവേ കണക്റ്റിവിറ്റി പുതിയ നാഴികക്കല്ലിലെത്തി. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി. ഇത്  വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തും. കേരളത്തിലുള്ള വിവിധ സംരംഭങ്ങൾക്കു മുദ്ര യോജന വഴി 70,000 കോടി രൂപയുടെ ധന സഹായം ലഭിച്ചു.

PM Narendra Modi | CIAL Convention Centre | (Photo - PIB)

കേരളത്തിലെ 3 സ്റ്റേഷനുകൾ ഉൾപ്പെടെ നിരവധി റെയിൽവേ സ്റ്റേഷനുകളാണ് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കുന്നത്. കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം ഇരട്ടപ്പാത ശബരിമല യാത്രക്കാർക്കും ഗുണകരമാകും. 4,600 കോടി രൂപയുടെ കണക്ടിവിറ്റി പദ്ധതികളാണ് ഇന്ന് കേരളത്തിന് സമ്മാനിച്ചത്’’ – പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button