കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയ ഇലക്ടറൽ ബോണ്ടുകൾ കൈമാറിയത് തെലങ്കാനയിലെ ബിആർഎസ് പാര്‍ട്ടിക്ക്. 25 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ സംഭാവന ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്‌സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡും കിറ്റെക്‌സ് ഗാർമെൻ്റ്‌സ് ലിമിറ്റഡും 2023 ജൂലായ് 5-ന് വാങ്ങിയ ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകൾ ജൂലൈ 17-ന് ബിആർഎസിന് സംഭാവന ചെയ്തു. ഒക്ടോബർ 12-ന് ഇരു കമ്പനികളും 10 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി, അവ ഒക്ടോബർ 16 ന് ബിആർഎസിന് നൽകി.
സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് 2021 ജൂണിൽ കേരളത്തിലെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഒരു മാസത്തിനുശേഷം ജൂലൈയിൽ തെലങ്കാനയിലെ വാറങ്കലിൽ 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ഗാർമെൻ്റ് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഗ്രൂപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.
2023-ലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിന് കിറ്റെക്‌സ് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി 25 കോടി രൂപ നല്‍കുന്നത്. എന്നാല്‍ തുടര്‍ന്നുവന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് പരാജയപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തിലേറുകയുമായിരുന്നു.