കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയ അംഗങ്ങളെ പുറത്താക്കി കേരള കോണ്‍ഗ്രസ്. ബിജെപി പിന്തുണ ആവശ്യമില്ലെന്ന നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ചവരെയാണ് പുറത്താക്കിയത്. തോമസ് മാളിയേക്കല്‍, കുഞ്ഞുമോള്‍ ടോമി, സിബി സി വി എന്നിവരെയാണ് പുറത്താക്കിയത്.
പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് അവര്‍ ധാരണയുണ്ടാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പ്രസിഡന്റായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കനോട് രാജിവയ്ക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ദേശിച്ചിരുന്നു.
കിടങ്ങൂരില്‍ യുഡിഎഫ് ബിജെപി പിന്തുണയോടെ ഭരണം പിടിച്ചത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചര്‍ച്ചായാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ അടിയന്തിര ഇടപെടലുണ്ടായത്. എന്നാല്‍ യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടല്‍ ഫലം കണ്ടില്ല.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രശ്മി രാജേഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് രശ്മി തിരഞ്ഞെടുക്കപ്പെട്ടത്.
കിടങ്ങൂരിലെ വോട്ട് കച്ചവടം പുതുപ്പള്ളിയിലെ സാമ്പിള്‍ വെടിക്കെട്ടാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിഎന്‍ വാസവനാണ്. എല്‍ഡിഎഫിലെ ധാരണ പ്രകാരം നേരത്തേ പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ബോബി മാത്യുവും സിപിഐഎമ്മിലെ ഹേമ രാജുവും രാജിവച്ചിരുന്നു.
ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം സിപിഐഎമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഈ ധാരണ പ്രകാരം ഇരുവരും രാജി വച്ചതിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കന്‍ ബിജെപി പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും.
കിടങ്ങൂരില്‍ ബിജെപിക്ക് അഞ്ചംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് ഇവിടെ അംഗങ്ങളില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നാല് അംഗങ്ങളും സിപിഐഎമ്മിന് മുന്ന് അംഗങ്ങളുമാണ് ഇവിടെയുള്ളത്.