തിരുവനന്തപുരം: കിഫ്ബിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പിടിമുറുക്കുന്നതിനിടെ അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി പിണറായി സർക്കാർ. കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മൊഴിയെടുക്കലിന് ഹാജരാകാൻ നേരത്തെ ഇഡി, കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനും നോട്ടീസ് നൽകിയിരുന്നു..
വിക്രം ജിത് സിങ്ങ് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്നും സിഇഒ കെ എം എബ്രഹാമിനോട് നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്‍റ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവിയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. .
വിദേശനാണയപരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കിഫ്ബിയുടെ പാർട്ണർ ബാങ്കാണ് ആക്സിസ് ബാങ്ക്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥാപിതമല്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്കിനെയും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്..
കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിയുടെ സുപ്രധാന നടപടി വലിയ രാഷ്ട്രീയ കോളിളക്കമാകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഎഫ്ബിക്കെതിരെ കേസെടുത്ത് ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമർശനത്തിൻറെ തുടർച്ചയാണ് ഇഡി നീക്കമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.