പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 21 കാരന്‍ പിടിയില്‍; പെണ്‍കുട്ടി രക്ഷപെട്ടത് വേഗത കുറഞ്ഞപ്പോള്‍ ഓടുന്ന ബൈക്കില്‍ നിന്ന് ചാടി
കൂത്താട്ടുകുളം: പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരുവ കാപ്പിക്കരയില്‍ ബി.ആകാശി(21)നെയാണ് കൂത്താട്ടുകുളം പോലീസിന്റെ പിടികൂടിയത്. പെണ്‍കുട്ടിയുടെ അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് ഇയാള്‍ ഒരു വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞിരിന്നു. ഇവര്‍ ബൈക്കിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ കുറിച്ചെടുത്തതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായത്.
രാവിലെ വിജനമായ റോഡിലൂടെ സ്‌കൂളിലേക്കു നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് ബൈക്ക് നിര്‍ത്തി, നിലത്തു വീണ മൊബൈല്‍ഫോണ്‍ എടുത്തുതരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ എടുത്തു നല്‍കുന്നതിനിടെ സ്‌കൂളില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് സ്‌കൂള്‍ബാഗില്‍ പിടിച്ചു വലിച്ച് ബൈക്കിനു പിന്നില്‍ കയറാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിനു പിന്നില്‍ കയറ്റി വണ്ടി വിട്ടു.
ഭയത്തോടെ ബൈക്കിനു പിന്നിലിരുന്ന് നിലവിളിച്ച പെണ്‍കുട്ടി വാഹനത്തിന്റെ വേഗത കുറഞ്ഞയുടന്‍ ചാടി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തിന്റെ ബൈക്കുമായാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് വാഹനയുടമയായ സുഹൃത്തിന്റെ സഹായത്തോടെ എസ്‌ഐ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആകാശിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പാലാ, കുറവിലങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുള്ളതായി പൊലീസ് വ്യക്തമാക്കി.