ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് പറഞ്ഞ നടിയും തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ നാളെ ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും ബി.ജെ.പിയിലേക്ക് പോകാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും താരം അടുത്തിടെ പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വം എടുക്കുന്നു എന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി താന്‍ പാര്‍ട്ടി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന നിലപാടാണ് ഖുശ്ബു അന്ന് സ്വീകരിച്ചിരുന്നത്.
ബി.ജെ.പി സഖ്യകക്ഷി നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഖുശ്ബു അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ ഖുശ്ബു അതൃപ്തി പ്രകടമാക്കിയിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തതോടെയാണ് താരം ബി.ജെ.പിയിലേക്ക് പോകുന്ന എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.