കൊച്ചി:കെജിഎഫ് സിനിമയുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ സിനിമ സംവിധാനം ചെയ്യാൻ പൃഥ്വിരാജ്. ടൈസൺ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയും. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്.
‘എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്പുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.’–പൃഥ്വിരാജ് കുറിച്ചു.
മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിർമാതാക്കൾ റിലീസ് ചെയ്തു. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.
പ്രമുഖ നിർമാണക്കമ്പനിയായ ഹൊംബാലെ ഫിലിംസുമായി ഇതിനു മുമ്പും പൃഥ്വിരാജ് സഹകരിച്ചിട്ടുണ്ട്. അവർ നിർമിച്ച ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു. കൂടാതെ ഹൊംബാലെയുടെ അടുത്ത പ്രോജക്ട് ആയ പ്രഭാസ്–പ്രശാന്ത് നീൽ ചിത്രം സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.