തിരുവനന്തപുരം: പാലോട് കേഴമാനിനെ കറിവച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വെമ്പായം സ്വദേശിയും താൽക്കാലിക ഫയർ വാച്ചറുമായ അൻഷാദ്, പാലോട് പച്ച കക്കോട്ടുകുന്ന് സ്വദേശിയായ രാജേന്ദ്രൻ, ബന്ധു സതീശൻ എന്നിവരാണ് പിടിയിലായത്. മെയ് 10നാണ് സംഭവം. പച്ചമല സെക്ഷനിൽ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയ കാലിന് മുറിവേറ്റ കേഴമാനിനെ കൊന്ന് കറിവച്ചുവെന്നാണ് കേസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ് , ബീറ്റ് സെക്ഷൻ ഓഫീസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
കരാർ തൊഴിലാളി സനൽ രാജിനെ പുറത്താക്കി. അൻഷാദും താൽകാലിക വാച്ചറായ സനൽ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷജീദും ചേർന്ന് രാജേന്ദ്രന്‍റെ വീട്ടിൽവച്ച് മാനിനെ കറിവച്ച് കഴിച്ചുവെന്നാണ് കണ്ടെത്തൽ. രാജേന്ദ്രന്‍റെ ബന്ധുവായ സതീശനും ഒപ്പം കൂടി. അൻഷാദിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വിളിച്ച് വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റ് ചെയ്തത്. രാജേന്ദ്രന്‍റെ വീട്ടിൽ നിന്ന് കേഴമാനിന്‍റെ തോലും അവശിഷ്ടവും കണ്ടെത്തി. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.