26.7 C
Kottayam
Monday, May 6, 2024

കേരളത്തിന് അടിയന്തര കടമെടുക്കലിന് അനുമതി നൽകിയില്ല; ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി 

Must read

ന്യൂഡൽഹി: അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര ഇടപെടല്‍ ചോദ്യംചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശാ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 21,000 കോടി രൂപയുടെ വായ്പാ പരിധി വെട്ടിക്കുറച്ചത്. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നതിന് അടിയന്തരമായി 10,000 കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിന് 13,608 കോടി രൂപ കഴിഞ്ഞ സമ്പത്തികവര്‍ഷം കടമെടുക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സംസ്ഥാനം കൂടുതല്‍ കടമെടുത്താല്‍ വരുംവർഷങ്ങളിലെ കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് കുറവുവരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര ഇടപെടല്‍ ആകാമോ, അനിയന്ത്രിതമായി കടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ സുപ്രീം കോടതിയുടെ വിശദമായ പരിശോധനക്ക് വന്നിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ. വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week