തിരുവനന്തപുരം: രാജ്യത്തെ മികച്ച പൊതുമേഖല സര്‍വകലാശാലകളിലെ ആദ്യത്തെ 15ല്‍ മൂന്നെണ്ണവും കേരളത്തില്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) ന്റെ റാങ്കിങ്ങിലാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇടംപിടിച്ചത്.
കേരള, കുസാറ്റ്, എം.ജി സര്‍വകലാശാലകള്‍ യഥാക്രമം 9,10,11 റാങ്കുകള്‍ കരസ്ഥമാക്കി. ദേശീയ ഉന്നത വിദ്യാഭ്യാസ നിലവാര പരിശോധനയിലാണ് ഈ സര്‍വകലാശാലകള്‍ മികച്ചുനിന്നത്. ഇതേ വിഭാഗത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് 43ാം റാങ്കുമുണ്ട്.
ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി, പശ്ചിമബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്‌സിറ്റി എന്നിവയാണ് ഈ പട്ടികയില്‍ യഥാക്രമം 1,2,3 സ്ഥാനങ്ങളിലുള്ളത്.സ്വകാര്യ സര്‍വകലാശാലകളും, ഐ.ഐ.ടികളും, ഐ.ഐ.എമ്മുകളും ഉള്‍പ്പെടുന്ന പട്ടികയിലെ ആദ്യ നൂറില്‍ കേരള 21, കുസാറ്റ് 34, എം.ജി. 37, കാലിക്കറ്റ് 89 എന്നീ സ്ഥാനങ്ങളും സ്വന്തമാക്കി.
മികച്ച കോളേജുകളുടെ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള കേരളത്തില്‍ നിന്ന് 16 കോളേജുകള്‍ ഇടം പിടിച്ചപ്പോള്‍ ഇതില്‍ നാലെണ്ണവും സര്‍ക്കാര്‍ കോളേജുകളാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമണ്‍സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവയാണ് ലിസ്റ്റില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള ആദ്യ നാല് കോളേജുകള്‍.
ദേശീയ തലത്തിലെ ആദ്യ 300 കോളേജുകളില്‍ 71 എണ്ണവും കേരളത്തില്‍ നിന്നുള്ള കോളേജുകളാണ്. ഇതില്‍ 16 എണ്ണവും സര്‍ക്കാര്‍ കലാലയങ്ങളാണ്. നിയമ കലാലയങ്ങളുടെ പട്ടികയില്‍ നുവാല്‍സ് 16ാം സ്ഥാനം കരസ്ഥമാക്കി.
എന്‍.ഐ.ആര്‍.എഫിന്റെ പട്ടികയില്‍ കേരളത്തിന് മുന്‍വര്‍ഷങ്ങളിലെ നേട്ടം നിലനിര്‍ത്താനായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും അക്കാദമിക നിലവാരം വര്‍ദ്ധിപ്പിച്ചും കേരളത്തിലെ ഉന്നതവിദ്യാസ സ്ഥാപനങ്ങള്‍ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയുടെ തെളിവാണ് ഈ നേട്ടങ്ങളെന്നും ആര്‍.ബിന്ദു പറഞ്ഞു.