കൊച്ചി: കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹര്‍ജികള്‍ തള്ളണമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സെന്‍സര്‍ ബോര്‍ഡ് നിയമത്തിനെതിരായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് മുംബൈ റീജിയണല്‍ ഓഫീസര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേരള സ്റ്റോറി എന്ന സിനിമക്കെതിരായ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. കൂടാതെ സാങ്കല്പികമായ കാര്യങ്ങളാണ് സിനിമക്കുള്ളിലുള്ളതെന്നും അത് എന്തിന് എതിര്‍ക്കണമെന്നും ഹൈക്കോടതി ചോദിച്ചു.
സെന്‍സര്‍ ബോര്‍ഡ് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. അതില്‍ ഇടപെടേണ്ടുന്നതിന്റെ ആവശ്യമെന്താണെന്നാണ് കോടതി ചോദിക്കുന്നത്.
കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് വിശദമായ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സെന്‍സര്‍ നിയമപ്രകാരമാണ് സിനിമക്ക് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ രേഖകളും വിശദമായി പരിശോധിച്ചിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച സിനിമക്ക് അതേപടി അനുമതി നല്കുകയായിരുന്നില്ല.
അതില്‍ ചില മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. ആ മാറ്റങ്ങളോടുകൂടിയാണ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പ്രദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തത്. കേരളത്തെ മോശമാക്കുന്നതോ കേരളത്തില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്നതോ തരത്തിലുള്ള യാതൊന്നും ചിത്രത്തില്‍ വരരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.