News

‘കേരള സവാരി’ കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിൽ  ഓൺലൈൻ ടാക്സി സർവീസ് നിലവിൽ വരുന്നത്. കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

യാത്രക്കാർക്ക് മിതമായ നിരക്കിൽ സവാരി, മോട്ടോർ തൊഴിലാളികൾക്ക് മികച്ച വരുമാനം… ഇവ രണ്ടും സംയോജിപ്പിക്കുകയാണ് ‘കേരള സവാരി’യിലൂടെ സംസ്ഥാന സർക്കാർ. പദ്ധതിക്ക് ഇതര ഓൺലൈൻ സർവീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സർവീസ് ചാര്‍ജ്, മറ്റ് ഓൺലൈൻ സർവീസുകൾ പോലെ തിരക്ക് കൂടുമ്പോൾ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കിൽ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം.  പൊലീസ് ക്ലിയറൻസുള്ള ഡ്രൈവർമാർ…  

ഗതാഗത തൊഴിൽ വകുപ്പുകൾ സംയുക്തമായാണ് ‘കേരള സവാരി’ നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം ‘കേരള സവാരി’യിൽ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവർമാരിൽ 22 പേർ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ്  പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഫലപ്രദമെന്ന് കണ്ടാൽ മറ്റ് ജില്ലകളിൽ  തുടങ്ങുമെന്ന്’ കേരള സവാരി’ ഫ്ലാഗ് ഓഫ് ചെയ്ത  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സവാരി ബുക്ക് ചെയ്യാൻ ഓൺലൈൻ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. 

പദ്ധതിയുടെ ഭാഗമാകുന്ന വാഹനങ്ങൾക്ക് ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ, ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കാര്യം ആലോചനയിൽ ഉണ്ട് . യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. വാഹനങ്ങളിൽ പരസ്യം നൽകി വരുമാന വർധന ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പ്രാബല്യത്തിലായാൽ പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവർമാർക്ക് ലഭിക്കും. തലസ്ഥാനത്ത് ആരംഭിച്ച പരീക്ഷണം വിജയിച്ചാൽ ബഹുരാഷ്ട്ര കമ്പനികൾ നിയന്ത്രിക്കുന്ന ഓൺലൈൻ ടാക്സി സംവിധാനത്തിൽ വിജയക്കൊടി നാട്ടാൻ സംസ്ഥാന സർക്കാരിനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button