FeaturedKeralaNews

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 280 ആയി. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. ഒമിക്രോണ്‍ സ്ഥിരീകരിച്ച 280 പേരില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം യുഎഇ 13, ഖത്തര്‍ 4, സ്വീഡന്‍ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്എ 2, ഖത്തര്‍ 1, കോട്ടയം യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈന്‍ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പര്‍ 1, തൃശൂര്‍ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നു വന്നതാണ്. കോയമ്പത്തൂര്‍ സ്വദേശി ഈജിപ്റ്റില്‍ നിന്നും വന്നതാണ്.

ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായിരുന്നു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ- രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക-പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനാവുന്നവരുടെ എണ്ണം, അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്.

സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ രണ്ട് ശതമാനം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. നിലവില്‍ വാക്‌സിന്‍ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.

നിലവില്‍ അടച്ചിട്ട ഹാളുകളിലെ പരിപാടികളില്‍ 150 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതാണ് 75 ആക്കി ചുരുക്കിയത്. തുറസ്സായ സ്ഥലങ്ങളില്‍ നിലവില്‍ 200 പേരെ പങ്കെടുപ്പിക്കാവുന്നത് 150 ആയി ചുരുക്കാനും നിര്‍ദേശമുണ്ട്. അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ വേണ്ടെന്നാണ് കോവിഡ് അവലോകന യോഗത്തിലുണ്ടായ തീരുമാനം. രാത്രികാല നിയന്ത്രണമുള്‍പ്പെടെ തിരിച്ചുകൊണ്ടുവരണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇന്നത്തെ യോഗത്തില്‍ സര്‍ക്കാര്‍ അത് പരിഗണിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button