KeralaNews

പി.ടിയ്ക്ക് നാടിൻ്റെ യാത്രാമൊഴി, സംസ്കാരം വൈകിട്ട് കൊച്ചിയിൽ,മത ചടങ്ങുകളില്ല

ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസിസിയിലാകും പൊതുദർശനം.

തുടര്‍ന്ന് ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. തുടർന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകൾ. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.

കോൺ​ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ​ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ​ഗ്രസിലെ ഒറ്റയാനായിരുന്നു. ആ​ദ്യവസാനം കോൺ​ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവ‍ർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്. 

മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം​ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker