തിരുവനന്തപുരം: ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാനത്തിന്റെ നിയന്ത്രണം കൊണ്ടുവരാൻ വ്യവസ്ഥകൾ തയ്യാറാക്കി സർക്കാർ. ഗവർണറെ നിയമിക്കുന്നതും തിരിച്ചുവിളിക്കുന്നതും ചുമതലനിർവഹിക്കുന്നതുമെല്ലാം സംസ്ഥാനസർക്കാരിന്റെ താത്പര്യമനുസരിച്ചായിരിക്കണമെന്നാണ് ശുപാർശ. നിയമവകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി.
രാഷ്ട്രപതിക്ക് ഡി.ലിറ്റ്, വൈസ് ചാൻസലർ നിയമനം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനസർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറ്റുമുട്ടൽപ്പാതയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്നതെന്നതും ശ്രദ്ധേയമാണ്.
ചുമതലയിൽ വീഴ്ചവരുത്തിയാൽ ഗവർണറെ നീക്കംചെയ്യണം
ചുമതലകളിൽ വീഴ്ചവരുത്തുന്ന ‘കുറ്റ’ത്തിന് ഗവർണറെ നീക്കംചെയ്യാനുള്ള വ്യവസ്ഥ ഏർപ്പെടുത്തണമെന്ന് ശുപാർശയിൽ പറയുന്നു. ഗവർണർ ഭരണഘടനാച്ചുമതലകൾക്കുപുറമേ സർവകലാശാലകളുടെ ചാൻസലർ, മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിനൽകുന്ന അധികാരി തുടങ്ങിയ ചുമതലകളും നിർവഹിക്കുന്നതിനാൽ ഇത്തരം ചുമതലകളിലെ വീഴ്ച സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമാക്കാമെന്നാണ് സംസ്ഥാനത്തിന്റെ ന്യായം.
മറ്റു ശുപാർശകൾ
* ഗവർണർ നിയമനത്തിൽ സംസ്ഥാനസർക്കാരിന്റെ അഭിപ്രായം ആരായണം.
* സംസ്ഥാനസർക്കാർ നിർദേശിക്കുന്ന പാനലിൽനിന്നാകണം ഗവർണറെ നിയമിക്കേണ്ടത്.
നിയമസഭ പാസാക്കുന്ന ബിൽ ഗവർണർക്ക് അംഗീകരിക്കാം, പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കാം. ഇതിൽ തീരുമാനം എടുക്കാൻ കാലാവധി നിശ്ചയിക്കണം. നിലവിൽ കഴിയുന്നത്ര നേരത്തേ ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കണമെന്നേയുള്ളൂ.
* ഉന്നതഭരണഘടനാ പദവിയെന്നനിലയിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർപദവിയിൽ നിയമിക്കുന്ന കീഴ്വഴക്കമാണുള്ളത്. ഇതിനുപകരം സജീവരാഷ്ട്രീയത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആളെ ചാൻസലർ പദവിയിൽ നിയമിക്കാം.
* ഗവർണറെ മറ്റു നിയമപരമായ ചുമതലകൾ ഏല്പിക്കണമോയെന്നത് സംസ്ഥാനങ്ങളുടെ നയപരമായ തീരുമാനമാണ്. മറ്റു ചുമതലകൾ ഏല്പിക്കണമെന്നത് നിയമപരമായി നിർബന്ധമുള്ള കാര്യമല്ല.
ശുപാർശ പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിനുള്ള മറുപടിയിൽ
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാർശചെയ്യാൻ ജസ്റ്റിസ് പൂഞ്ചി കമ്മിഷനെ 2010-ൽ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു. കമ്മിഷൻ ശുപാർശ 2016-ൽ അന്തഃസംസ്ഥാന കൗൺസിൽ, കേന്ദ്ര ആഭ്യന്തര പാർലമെന്ററി സമിതി എന്നിവ പഠിച്ച് 273-ൽ 116 എണ്ണം സംസ്ഥാനസർക്കാരുകളുടെ അഭിപ്രായമറിയാനായി അയച്ചു. ഇതിനുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം റിപ്പോർട്ടായി നൽകാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. നിയമസെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ഗവർണറുടെ പ്രവർത്തനം സംസ്ഥാന സർക്കാരുകളുടെ താത്പര്യത്തിന് വിധേയമായിരിക്കണമെന്ന് നിർദേശിക്കുന്നത്.