തിരുവനന്തപുരം:പ്രഥമ കേരള ഗെയിംസ് 2022നു വേണ്ടി ട്രാക്കും ഫീല്‍ഡും സജ്ജമായിക്കഴിഞ്ഞു. 19 വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഗെയിംസിലെ പ്രധാന ആകര്‍ഷണമായ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം വേദിയാകും. മെയ് 7, 8 തിയതികളിലാണ് അത്ലറ്റിക്സ് മത്സരങ്ങള്‍. അക്വാട്ടിക്സ് മത്സരങ്ങള്‍ മെയ് 6,7,8 തിയതികളിലായി പിരപ്പന്‍കോട് അക്വാട്ടിക്സ് കോംപ്ലക്‌സില്‍ നടക്കും. മറ്റൊരു പ്രധാന ഇനമായ ഫുട്ബോള്‍ മത്സരത്തിന് എറണാകുളം മഹാരാജാസ് സ്റ്റേഡിയവും പനമ്പിള്ളി നഗര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടും വേദിയാകും.
മെയ് ഒന്നു മുതല്‍ നാലുവരെയുള്ള ദിവസങ്ങളില്‍ വനിതകളുടെ ഫുട്ബോള്‍ മത്സരങ്ങള്‍ മഹാരാജാസ് സ്റ്റേഡിയത്തിലും, മെയ് അഞ്ചു മുതല്‍ ഒന്‍പതുവരെയുള്ള ദിവസങ്ങളില്‍ പുരുഷ വിഭാഗം മത്സരങ്ങള്‍ പനമ്പിള്ളി നഗര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. വോളിബോള്‍ മത്സരങ്ങള്‍ മെയ് ഒന്ന് മുതല്‍ ഏഴുവരെ വടകരയിലാണ് സംഘടിപ്പിക്കുന്നത്. അഞ്ചു മുതല്‍ എട്ടുവരെ കേരള യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലും കേരള പൊലീസ് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലുമായാണു ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍.
ആര്‍ച്ചറി, ജൂഡോ, തായ്ക്കൊണ്ടോ, കരാട്ടെ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം വേദിയാകും. മെയ് ഏഴു മുതല്‍ ഒന്‍പതു വരെയാണ് ആര്‍ച്ചറി മത്സരങ്ങള്‍. എട്ട്, ഒന്‍പത് തിയതികളില്‍ ജൂഡോ മത്സരങ്ങളും, ഏപ്രില്‍ 30 മുതല്‍ മെയ് രണ്ടുവരെ തായ്ക്കൊണ്ടോ മത്സരങ്ങളും മെയ് 5,6,7 തീയതികളില്‍ കരാട്ടെ മത്സരങ്ങളും നടക്കും.
ബാഡ്മിന്റണ്‍, ഹാന്‍ഡ്‌ബോള്‍, വുഷു മത്സരങ്ങള്‍ക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. മെയ് 2,3,4 തീയതികളില്‍ ബാഡ്മിന്റണും, 5,6,7,8 തീയതികളില്‍ ഹാന്‍ഡ്‌ബോളും, 9,10 തീയതികളില്‍ വുഷു മത്സരങ്ങളും നടക്കും. മെയ് ഒന്ന് മുതല്‍ അഞ്ചുവരെ കനകക്കുന്നിലാണ് ബോക്‌സിങ് മത്സരങ്ങള്‍. 7,8 തിയതികളില്‍ കോവളം ബൈപ്പാസില്‍ സൈക്ലിങ് മത്സരം നടക്കും.
മെയ് നാലു മുതല്‍ ആറുവരെ കൊല്ലം ഹോക്കി സ്റ്റേഡിയത്തിലാണ് ഹോക്കി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ മെയ് 4,5 തീയതികളില്‍ ഖൊ ഖൊ മത്സരങ്ങളും, 6,7 തീയതികളില്‍ റെസലിംഗ് മത്സരവും നടക്കും. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ മെയ് 7,8 തിയതികളിലായാണ് ഷൂട്ടിങ് മത്സരങ്ങള്‍. മെയ് 6,7,8 തിയതികളിലായി ടെന്നീസ് മത്സരങ്ങള്‍ക്ക് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് വേദിയാകും. 5,6,7,8 തിയതികളിലായി വൈഎംസിഎയിലാണ് ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍. ആറു മുതല്‍ എട്ട് വരെ കൊല്ലം കടപ്പാക്കട സ്റ്റേഡിയത്തില്‍ കബഡി മത്സരങ്ങള്‍ നടക്കും. 7,8,9 തീയതികളില്‍ പോത്തന്‍കോട് എല്‍വിഎച്ച്എസിലാണ് നെറ്റ് ബോള്‍ മത്സരങ്ങള്‍.
മെയ് 8,9 തിയതികളില്‍ കാര്യവട്ടം എല്‍എന്‍സിപി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ റഗ്ബി മത്സരങ്ങളും ശംഖുമുഖം ഐആര്‍സി സ്റ്റേഡിയത്തില്‍ വെയിറ്റ് ലിഫ്റ്റിങ് മത്സരങ്ങളും സംഘടിപ്പിക്കും.