കൊച്ചി: ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. ഇന്ധന നികുതിയിൽ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എൻ ബാലഗോപാൽ പുറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിടാൻ തയ്യാറാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതി മൂന്ന് രൂപയിൽ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയർത്തിയത്. ഇതിൽ നിന്നാണ് എട്ട് രൂപ കുറച്ചത്. കേരളത്തിൽ ഇന്ധന നികുതി എൽഡിഎഫ് സർക്കാർ കൂട്ടിയിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സഹായം കൂടിയേ തീരൂ എന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. വിലക്കയറ്റം തടയാൻ കഴിഞ്ഞ വർഷം 4000 കോടി രൂപ സർക്കാർ നൽകി. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കും പറയാൻ വി ഡി സതീശൻ തയ്യാറാക്കുന്നില്ലെന്നും കേരള സർക്കാരിനെതിരെ മാത്രമാണ് വിമർശനമെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
സംസ്ഥാനം വിലകുറക്കാൻ തയ്യാറാകണമെന്നും കേന്ദ്രം വർദ്ധപ്പിച്ചപ്പോൾ 6000 കോടിയാണ് കേരളത്തിന് അധിക വരുമാനമുണ്ടായതെന്നും വി ഡി സതീശൻ പറഞ്ഞു. നികുതി കുറക്കേണ്ട എന്ന തീരുമാനം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നു.
കേന്ദ്രം കുറച്ചു കേരളം കുറക്കുമോ ഇതാണ് ഇന്ധനനികുതിയിൽ മലയാളികളുടെ ചോദ്യം. ഇന്ധന നിരക്കിലും വിലക്കയറ്റത്തിലും പൊള്ളി നിൽക്കുമ്പോൾ കേന്ദ്ര തീരുമാനം അൽപാശ്വാസമാണെങ്കിലും കേരളത്തിന് ഇതുവരെയും കുലുക്കമില്ല. ഇത്തവണയും നികുതി കുറക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.കഴിഞ്ഞ ആറ് വർഷം നികുതി കൂട്ടാത്ത കേരളം എന്തിന് നികുതി കുറക്കണം എന്നാണ് സിപിഎം വിശദീകരണം.
കേന്ദ്രം എട്ട് രൂപ പെട്രോളിനും ഡീസലിന് ആറ് രൂപയും കുറച്ചപ്പോൾ ആനുപാതികമായി കേരളത്തിലും നിരക്ക് കുറഞ്ഞിരുന്നു. ഇതുയർത്തി കേരളം വിലക്കുറച്ചുവെന്ന ധനമന്ത്രിയുടെ അവകാശവാദത്തിനെതിരെയും വിമർശനങ്ങളുയർന്നു കഴിഞ്ഞു. വർഷം 500കോടി രൂപ വരെ ഈ ആനുപാതിക കുറവിൽ കേരളം കുറവ് നേരിടും. കേരളം നിരക്ക് കുറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദീപാവലിക്ക് കേന്ദ്രം നികുതി കുറച്ചപ്പോഴും ഇതെ വാദം ഉയർത്തിയാണ് സംസ്ഥാനം മാറിനിന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സംസ്ഥാനങ്ങൾക്ക് നികുതി അധികാരമുള്ള ഇന്ധനത്തിൽ കൈവയ്ക്കാൻ ആകില്ലെന്ന നിലപാട് ആവർത്തിക്കുമ്പോൾ ഇത്തവണ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് പൊതുജനവികാരം സർക്കാരിന് എതിരാകുമെന്നും സിപിഎം മുന്നിൽ കാണുന്നു. പതിവില്ലാതെ ഇത്തവണ നിരക്ക് കുറച്ചാൽ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടാണെന്ന വിമർശനും സർക്കാർ കേൾക്കേണ്ടി വരും.