ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് മോശം ക്രെഡിറ്റ് റേറ്റിങ് ആണെന്ന് കേരളം. രാജ്യാന്തര വിപണിയില്‍നിന്ന് കിഫ്ബി കടമെടുക്കാന്‍ പോയപ്പോള്‍ രാജ്യത്തിന്റെ മോശം റേറ്റിങ് ബാധിച്ചുവെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം കടം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിന് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേരളം വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി വി. വേണുവാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌തിരിക്കുന്നത്. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
സംസ്ഥാനങ്ങള്‍ കടമെടുക്കാന്‍ പോകുമ്പോള്‍ രാജ്യത്തിന്റെ മോശം ക്രെഡിറ്റ് റേറ്റിങ് ബാധിക്കുന്നുവെന്നാണ് കേരളത്തിന്റെ വാദം. കിഫ്ബി കടമെടുക്കാന്‍ പോയപ്പോള്‍ ഈ പ്രതിസന്ധി നേരിട്ടുവെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തെക്കാളും കൂടുതലാണ് കേന്ദ്രത്തിന്റെ കടം. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ അപകടസാധ്യതയുള്ളതാക്കുന്നുവെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. സമാന സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ കടത്തിനെക്കാളും കൂടുതലാണ് ഇന്ത്യയുടേതെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സാമ്പത്തികസ്ഥിരതയ്ക്ക് ഭീഷണി, സംസ്ഥാനങ്ങളുടെ നയം അല്ല. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേത് ആണ്. എല്ലാ സംസ്ഥാനങ്ങളുടെയും കൂടി കടം നോക്കിയാല്‍ 40 ശതമാനം മാത്രം. കേന്ദ്രത്തിന്റ കടത്തത്തിന്റെ 1.7 ശതമാനം മുതല്‍ 1.75 ശതമാനം വരെയാണ് കേരളത്തിന്റെ കടം.
കേരളം കടം എടുക്കുന്നത് കാരണം സാമ്പത്തിക മേഖല അസ്ഥിരപ്പെടും എന്ന വാദം അതിശയോക്തി കലര്‍ന്നതാണ്. എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക ധൂര്‍ത്തിലേക്ക് കടന്നാല്‍ പോലും അത് ദേശീയ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന വാദം സാങ്കല്‍പ്പികം ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളത്തിലെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കുറിപ്പ് വെറും വാചോടാപം മാത്രമാണെന്ന് കേരളം പറഞ്ഞു. സംസ്ഥാനം ഉന്നയിച്ച ഭരണഘടന വിഷയങ്ങള്‍ക്ക് മറുപടി അറ്റോര്‍ണി ജനറല്‍ നല്‍കിയില്ല. സംസ്ഥാന ഉന്നയിച്ച ഗൗരവമേറിയ വിഷയങ്ങള്‍ മറുപടി നല്‍കാത്ത അറ്റോര്‍ണി ജനറല്‍ തെറ്റിധാരണ പടര്‍ത്തുന്ന കാര്യങ്ങള്‍ മാത്രമാണ് സുപ്രീം കോടതിയില്‍ നല്‍കിയ കുറിപ്പില്‍ ഉന്നയിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
ധനകാര്യ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രത്തിന് കടന്നുകയറാന്‍ കഴിയില്ലെന്ന് കേരളം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതു ധനമാനേജ്മെന്റിനെ ആയുധമാക്കി കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാ അതീതമായ അധികാരം എടുക്കാന്‍ കഴിയില്ല എന്നും കേരളം വ്യക്തമാക്കുന്നു.