തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.കേരളത്തില്‍ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ തിരിച്ചെത്തിച്ച് തുടങ്ങി.ആദ്യ ഘട്ടത്തില്‍ 30,000 പേര്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ഒരു ദിവസം 12,600 പേരെ അനുവദിക്കും. പാസ് കിട്ടാത്തവര്‍ കോവിഡ് വാര്‍ റൂമില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ മഞ്ചേശ്വരം എന്നീ അതിര്‍ത്തികവാടങ്ങള്‍ വഴിയാണ് ഇവരെ തിരിച്ചെത്തിക്കുക.കേരളത്തിലേക്ക് തിരിച്ചെത്താനായി നിരവധി മലയാളികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇവര്‍ക്ക് പാസ് അനുവദിച്ചു തുടങ്ങുകയും ചെയ്തു. 1,50,054 പേരാണ് ഇതിനോടകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല.
മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.