തൊടുപുഴ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട നിർണായ കേസുകളിൽ കോടതികൾ ഇന്ന് വിധി പറയും. .കട്ടപ്പന സബ്‌കോടതിയും കോട്ടയം മുന്‍സിഫ് കോടതിയും പുറപ്പെടുവിയ്ക്കുന്ന വിധികള്‍ പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയടക്കം സ്വാധീനിയ്ക്കും.
മാണി ഗ്രൂപ്പിലെ പിളര്‍പ്പിനുശേഷം സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ജോസ് കെ മാണി സ്വയം പാര്‍ട്ടി ചെയര്‍മാനായി അവരോധിതനായ നടപടി ഇടുക്കി മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തിിരുന്നു.ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയേത്തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്റെ അധികാരങ്ങള്‍ പ്രയോഗിയ്ക്കാന്‍ ജോസ് കെ മാണിയ്ക്ക് വിലക്കുണ്ട്.ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കട്ടപ്പന സബ്‌കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വാദം കേട്ട ശേഷം ഇന്നു വിധി പറയുന്നത്.
തൊടുപുഴയില്‍ നടന്ന ജോസഫ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം വിലക്കണമെന്നും 21 പാര്‍ട്ടി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ജോസഫിന്റെ നടപടി അസ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ജോസ് കെ മാണി വിഭാഗം കോട്ടയം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ രണ്ടു കാര്യങ്ങളിലും അടിയന്തിര സ്‌റ്റേ അനുവദിയ്ക്കാതിരുന്ന കോടതി വാദം കേട്ടശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കോടതിവിധികൾ ജോസഫ് ഗ്രൂപ്പിന് അനുകൂലമായാല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്ന പേരില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെങ്കില്‍ ജോസ് കെ മാണിയ്ക്ക് ജോസഫിന്റെ പിന്തുണ വേണ്ടി വരും. ജോസഫിനെ അവഗണിച്ചാല്‍ രണ്ടില ചിഹ്നം ലഭിയ്ക്കില്ലെന്ന ഭീഷണിയുമുണ്ട്. വിധി പ്രതികൂലമായാല്‍ ഇരുവിഭാഗവും ഇന്നു തന്നെ അപ്പീലും നല്‍കും.
പാലാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ യു.ഡി.എഫും തീരുമാനമെടുക്കുക കോടതി വിധിയെ ആശ്രയിച്ചായിരിയ്ക്കും..