ജോസ് കെ. മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ട് ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് ജോസഫ്; സമവായ നീക്കങ്ങള്‍ പാളി
തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ അനന്തമായി നീളുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ അനുനയ നീക്കങ്ങള്‍ ഏറെക്കുറെ പാളിയ സ്ഥിതിയാണ്.
ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ ചര്‍ച്ചയ്ക്ക് തയറാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ്. ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ജോസഫ് വ്യക്തമാക്കി. യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് നടത്തിയ സമവായ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നതിനുള്ള സൂചനയാണ് ജോസഫിന്റെ പ്രതികരണം. ചെയര്‍മാന്‍ സ്ഥാനം ജോസഫിന് വിട്ടുകൊടുത്തുള്ള അനുരഞ്ജനത്തിന് ജോസ് കെ. മാണിയും തയാറാകാത്ത സ്ഥിതിക്ക് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.