തിരുവനന്തപുരം : പാൽ, മുട്ട, ഇറച്ചി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി കേരള ചിക്കൻ പദ്ധതി ഉടൻ തന്നെ ആരംഭിക്കും. പത്തു കോടി രൂപ ചിലവിലാണ് കോഴിയിറച്ചി സംസ്കരണ യൂണിറ്റിന്റെയും മാലിന്യ സംസ്കരണത്തിനുള്ള യൂണിറ്റിന്റെയും നിർമ്മാണം നടത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോൾ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിൽ ഉറപ്പു നൽകാനാകും. 32 കോടി രൂപ ചിലവിൽ ഇടയാറിൽ നിർമ്മിച്ച പ്ലാന്റിലൂടെ 7800 മെട്രിക് ടൺ ഇറച്ചിയാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ ഏരൂരിലെ പ്ലാന്റിൽ ദിവസവും 4 മെട്രിക് ടൺ മൂല്യവർധിത ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട് ലൈറ്റുകൾ വഴി ഫ്രോസൺ ഇറച്ചി ഉത്പന്നങ്ങൾക്ക് പുറമേ എംപിഐ ബ്രാൻഡ് ചിൽഡ്/ ഫ്രഷ് ഇറച്ചി സംസ്കരിച്ച് വിതരണം നടത്തുന്നതിനുള്ള പദ്ധതിയുമുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയായി 250 ഔട്ട്ലെറ്റുകൾ ആണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.