ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മഴമൂലം 13 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് 11 റൺസ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സടിച്ചപ്പോള്‍ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 7.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത് നില്‍ക്കെ മഴമൂലം വീണ്ടും കളി മുടങ്ങി. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളെ പ്രഖ്യാപിക്കുകകയായിരുന്നു.
22 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഇഷാൻ ഗഡേക്കറാണ് ഗോവയുടെ ടോപ് സ്കോറര്‍. സുയാഷ് പ്രഭുദേശായി 9 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി ജയലജ് സക്സേനയും ബേസില്‍ തമ്പിയും ഓരോ വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് കളികളില്‍ 16 പോയന്‍റുമായി കേരളം ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആന്ധ്രയാണ് ഒന്നാമത്. സ്കോര്‍ കേരളം 13 ഓവറില്‍ 143-6, ഗോവ 7.5 ഓവറില്‍ 69-2.
144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവക്ക് മൂന്നാം ഓവറിലെ ഓപ്പണര്‍ അസാൻ തോട്ടയെ നഷ്ടമായി. 11 പന്തില്‍ അഞ്ച് റണ്‍സെടുത്ത തോട്ടയെ ജലജ് സക്സേന സ്വന്തം ബൗളിംഗില്‍ പിടികൂടി കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കശ്യപ് ബേക്‌ലെയെ(5) ജലജ് സക്സേനയുടെ കൈകളിലെത്തിച്ച ബേസില്‍ തമ്പി ഗോവക്ക് രണ്ടാം പ്രഹമേല്‍പ്പിച്ചു. ഒരറ്റത്ത് തകര്‍ത്തടിച്ച ഇഷാന്‍ ഗേഡ്ക്കർ കേരളത്തിന് ഭീഷണിയായെങ്കിലും വീണ്ടും മഴയെത്തിയതോടെ കേരളം ജയിച്ചു കയറി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സല്‍മാന്‍ നിസാറിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തിലാണ് 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തത്. 20 പന്തില്‍ 34 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 31 റണ്‍സെടുത്തു.അബ്ദുള്‍ ബാസിത്(13 പന്തില്‍ 23), രോഹന്‍ കുന്നമ്മല്‍(14 പന്തില്‍ 19), ഷറഫുദ്ദീന്‍(6 പന്തില്‍11*) ബേസില്‍ എൻ പി(3 പന്തില്‍ 7*)എന്നിവരും കേരളത്തിനായി തിളങ്ങിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(2), വിഷ്ണു വിനോദ്(7) എന്നിവർ നിരാശപ്പെടുത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് സഞ്ജുവും രോഹനും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സടിച്ചിരുന്നു. 15 പന്തില്‍ നാലു ഫോറും രണ്ട് സിക്സും പറത്തിയ സഞ്ജു ഫെലിക്സ് അലിമാവോയുടെ പന്തില്‍ കശ്യപ് ബാക്‌ലെക്ക് ക്യാച്ച് നല്‍കി മടങ്ങി. സ്കോര്‍ 68ല്‍ നില്‍ക്കെ രോഹനും പുറത്തായി. പിന്നാലെ വിഷ്ണു വിനോദിനെയും മുഹമ്മദ് അസറുദ്ദീനെയും നഷ്ടമായെങ്കിലും തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ 100 കടത്തിയത്. ഗോവക്കായി മോഹിത് റേഡ്ക്കറും ഫെലിക്സ് അലിമാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.