മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം. ചണ്ഡീഗഢിനെ ഏഴ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (32 പന്തില്‍ 52) അര്‍ധ സെഞ്ചുറി നേടി.
സഞ്ജുവിന് പുറമെ വിഷ്ണു വിനോദ് (42), വരുണ്‍ നായനാര്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നാല് മത്സരങ്ങളും ജയിച്ച കേരളം ഗൂപ്പ് ബിയില്‍ ഒന്നാമതാണ്. മറുപടി ബാറ്റിംഗില്‍ ചണ്ഡീഗഢിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനാണ സാധിച്ചത്. വിനോദ് കുമാര്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ക്യാപ്റ്റന്‍ മനന്‍ വോഹ്‌റയാണ് (61 പന്തില്‍ പുറത്താവാതെ 95) ചണ്ഡീഗഢിന് വിജയ പ്രതീക്ഷ നല്‍കിയത്. ശിവം ഭാംബ്രി (29), ഭാഗ്‌മേന്ദര്‍ ലാതര്‍ (12 പന്തില്‍ 31) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. അര്‍ജുന്‍ ആസാദ് (6), അര്‍ജിത് പാന്നു (0), അഭിഷേക് സിംഗ് (2), ഗൗരവ് പുരി (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചുത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നമ്മല്‍ (24 പന്തില്‍ 30) വരുണ്‍ സഖ്യം 70 റണ്‍സ് ചേര്‍ത്തു. രജന്‍ഗഡ് ബാവയുടെ പന്തിലാണ് രോഹന്‍ മടങ്ങുന്നത്. രണ്ട് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. മൂന്നാമതെത്തിയ വിഷ്ണു വിനോദും നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ രോഹന് പിന്നാലെ വരുണ്‍ മടങ്ങി. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വരുണിന്റെ ഇന്നിംഗ്സ്.
നാലാം വിക്കറ്റില്‍ സഞ്ജു – വിഷ്ണു 57 റണ്‍സ് കൂട്ടിചേര്‍ത്തു. വിഷ്ണുവിനെ 15-ാം ഓവറില്‍ ആകാശ് സുദന്‍ മടക്കി. സഞ്ജു പതിയെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. എന്നാല്‍ ഇത്തവണ കളിമാറി. 32 പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് സിക്സും നാല് ഫോറും നേടി. ബാസിത് (8), സല്‍മാന്‍ നിസാര്‍ (8) പുറത്താവാതെ നിന്നു.
കേരള ടീം: രോഹന്‍ കുന്നുമ്മല്‍, വരുണ്‍ നായനാര്‍, വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, അബ്ദുള്‍ ബാസിത്, സല്‍മാന്‍ നിസാര്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിനോദ് കുമാര്‍, ആസിഫ് കെ എം, ശ്രേയസ് ഗോപാല്‍.