25.2 C
Kottayam
Sunday, May 19, 2024

ഏകാധിപത്യ സർക്കാരിന്റെ എന്തുപീഡനവും സഹിക്കാൻ തയ്യാർ’, ജയിലിൽനിന്ന് കെജ്‌രിവാളിന്റെ സന്ദേശം

Must read

ന്യൂഡല്‍ഹി: ഭരണഘടന സംരക്ഷിക്കപ്പെടുന്ന കാലംവരെ ഏകാധിപത്യ സര്‍ക്കാരിന്റെ എന്ത് പീഡനവും സഹിക്കാന്‍ തയ്യറാണെന്ന് മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദര്‍ശിച്ച ശേഷം എ.എ.പി നേതാക്കളാണ് കെജ്‌രിവാളിന്റെ സന്ദേശം മാധ്യമങ്ങളോട് പങ്കുവെച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രി ഗോപാല്‍റായ്, രാജ്യസഭാ എം.പി സഞ്ജയ് സിങ്, മറ്റ് നേതാക്കളായ സൗരഭ് ഭരദ്വാജ് എന്നിവരായിരുന്നു ബുധനാഴ്ച കെജ്‌രിവാളിന്റെ ഭാര്യയെ സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച തിഹാര്‍ ജയിലില്‍ കെജ്‌രിവാളിനെ സന്ദര്‍ശിച്ച ശേഷം ഭാര്യ സുനിതയാണ് ബുധനാഴ്ച വസതിയില്‍ നടന്ന യോഗത്തില്‍ സന്ദേശം നേതാക്കള്‍ക്ക് കൈമാറിയത്.

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുമില്ലെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയതായി നേതാക്കള്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുകയെന്നതാണ് നമുക്ക് മുന്നിലെ പ്രധാന ദൗത്യം. അതിനായി ഏകാധിപത്യ സര്‍ക്കാരിന്റെ എന്ത് പീഡനവും സഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയ ശേഷം കെജ്‌രിവാളിന്റെ പുറത്തുവന്ന ആദ്യ പ്രതികരണം കൂടിയാണ് ഈ സന്ദേശം. ഇതിനിടെ കെജ്‌രിവാളിനെ സന്ദര്‍ശിക്കുന്നത് വിലക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സഞ്ജയ് സിങ് എം.പിയും രംഗത്തെത്തി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്‍, രാജ്യസഭാ എം.പി സഞ്ജയ് സിങ് എന്നിവര്‍ക്ക് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ ബുധനാഴ്ച സന്ദര്‍ശന അനുമതി നിഷേധിച്ചിരുന്നു. ഇതിന് ശേഷം പ്രതികരിക്കുകയായിരുന്നു സഞ്ജയ് സിങ്. ഇരുനേതാക്കള്‍ക്കും നേരത്തെ സന്ദര്‍ശന അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നുവെന്നാണ് ആം ആദ്മി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ സമയം പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഇ.ഡി അറസ്റ്റിനെതിരേ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും നിയമ വിരുദ്ധമല്ലെന്നുമായിരുന്നു ഹൈക്കോടതിപറഞ്ഞത്. ഇതോടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് എ.എ.പി സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week